മലയാള സിനിമയുടെ യുവരക്തം പൃഥ്വിരാജ് വിവാഹിതനാവുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ ചിത്രമായ ഉറുമി എന്ന ചിത്രത്തിന്റെ റീലസ് കഴിഞ്ഞാലുടന്‍ വിവാഹമുണ്ടാകുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. തന്റേതൊരു പ്രണയവിവാഹമായിരിക്കുമെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. പറഞ്ഞതു പോലെ മുംബൈ ആസ്ഥാനമായുള്ള ഒരു ടെലിവിഷന്‍ ചാനലിലെ ന്യൂസ് ജേണലിസ്റ്റാണ് പൃഥ്വിയുടെ മനസു കീഴടക്കിയ സുന്ദരി. ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്ത് വിട്ടത്.
പൃഥ്വിയുടെ സ്‌റ്റൈലന്‍ ലുക്കും, വിവേകവും, സംസാരവുമെല്ലാം വെള്ളിത്തിരയിലും പുറത്തും ഒരുപാട് ആരാധികമാരെ സൃഷ്ടിച്ചിരുന്നു. ആദ്യ സിനിമയായ നന്ദനം പുറത്തിറങ്ങിയതു മുതല്‍ പൃഥ്വിരാജിന്റെ പ്രണയവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നന്ദനത്തില്‍ പ്രിഥ്വിയുടെ നായികയായി അഭിനയിച്ച നവ്യാനായരും പൃഥ്വിയും തമ്മില്‍ വിവാഹം കഴിക്കുമെന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് വന്ന വെള്ളിത്തിര എന്ന ചിത്രം ഈ വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നു. എന്നാല്‍ നവ്യയുടെ വിവാഹം കഴിഞ്ഞതോടെ ആ തീ കെട്ടടങ്ങി.
പിന്നീട് കാവ്യ, ഭാവന തുടങ്ങി നീണ്ട നിരതന്നെയുണ്ടായി പൃഥ്വിവിന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കാന്‍. ഇതിനിടെ ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണിയുമായി പൃഥ്വിയുടെ വിവാഹം കഴിഞ്ഞുവെന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒടുക്കം മംമ്തവരെ എത്തിനില്‍ക്കെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവന്നത്.
മാധ്യമങ്ങളോട് പിണങ്ങിയും ഇണങ്ങിയും കഴിയുന്നതിനിടയിലും പൃഥ്വിയുടെ മനസില്‍ ഈ ബുദ്ധിശാലിയായ മാധ്യമപ്രവര്‍ത്തകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് പൃഥ്വി ഇവരെ പരിചയപ്പെട്ടത്. പ്രമുഖ ഇംഗ്ലീഷ് ന്യൂസ് ചാനനില്‍ തെന്നിന്ത്യന്‍ സിനിമകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണിവര്‍. ഇവരുടെ സൗന്ദര്യത്തെക്കാള്‍ നായകനെ ആകര്‍ഷിച്ചത് തന്റെ സ്വഭാവവുമായുള്ള സമാനതയും, കഴിവുമാ.
പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ ഇക്കാര്യത്തില്‍ പൂര്‍ണ സമ്മതം അറിയിച്ചിട്ടുണ്ട്. ഈ പെണ്‍കുട്ടി ഒരു മലയാളി മേനോന്‍ കുടുംബത്തില്‍ പിറന്നവള്‍ കൂടിയായതിനാല്‍ മല്ലിക പൂര്‍ണ തൃപ്തയാണ്.
വിവാഹം വളരെ ലളിതമായിരിക്കുമെന്നാണ് കിട്ടിയ വിവരം. ഏപ്രിലില്‍ തന്നെ ഉണ്ടാവുകയും ചെയ്യും. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിക്കുകയുള്ളൂ. വിവാഹത്തിനുശേഷം സിനിമാപ്രവര്‍ത്തകര്‍ക്കായി തിരുവനന്തപുരത്ത് ഗ്രാന്റ് റിസപ്ഷനും ഒരുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല