ലണ്ടന്‍: പെട്രോള്‍ വിലവര്‍ദ്ധനയ്ക്കു കാരണമായ ഡ്യൂട്ടിയും മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) വര്‍ദ്ധനയും പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി.
ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന നിയന്ത്രിക്കുന്നതിന് ഫെയര്‍ ഫ്യുവര്‍ സ്‌റ്റെബിലൈസര്‍ അപ്രായോഗികമാണ്. എണ്ണ വില വര്‍ദ്ധിക്കുമ്പോള്‍ ഡ്യൂട്ടി കുറയ്ക്കുകയും വില കുറയുമ്പോള്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നൊരു സംവിധാനത്തെ കുറിച്ച് ആലോചിക്കാന്‍ ട്രഷറി ഡിപ്പാര്‍ട്ടുമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, തനിക്ക് ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നുമില്ല. എണ്ണ വില താഴുമെന്ന് വെറുതെ പറഞ്ഞ് ജനത്തിന് അമിതമായ പ്രതീക്ഷ നല്കാനും ഞാന്‍ ഒരുക്കമല്ല- കാമറൂണ്‍ പറഞ്ഞു.
ഇതേസമയം, യൂറോപ്പില്‍ പെട്രോളിയം വിലയില്‍ യുകെ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണെന്നാണ് ദി ഫെഡറേഷന്‍ ഒഫ് സ്‌മോള്‍ ബിസിനസസ് പറയുന്നത്.
പുതുവര്‍ഷ ദിനത്തില്‍ ജനത്തിന് സര്‍ക്കാരിന്റെ വക ഇരുട്ടടിയായിരുന്നു പെട്രോളിയം വില വര്‍ദ്ധന. പുതിയ പെട്രോള്‍ ഡ്യൂട്ടിയും മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) യും ചേര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വന്‍ വര്‍ദ്ധന വരുത്തുകയായിരുന്നു.
ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത് 0.76 പെന്‍സാണ്. ഇതു പെട്രോളിനും ഡീസലിനും ബാധകമാണ്. ഇതിനു പുറമേ ഈ മാസം നാലു മുതല്‍ വാറ്റ് 17.5 ശതമാനമായിരുന്നത് 20 ശതമാനമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല