ലാപ്ലാറ്റ: കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ പെറുവിനെ കീഴടക്കി ഉറുഗ്വെ ഫൈനലില്‍ പ്രവേശിച്ചു. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫോര്‍ലാനും കൂട്ടരും 15-ാം കിരീടം ലക്ഷ്യമിട്ട് മുന്നേറ്റം തുടരുന്നത്. ലൂയിസ് സുവാരസായാണ് ഉറുഗ്വെയുടെ വിജയസാരഥിയായി മാറിയത്.
ആദ്യ പകുതിയല്‍ ഗോളൊന്നും വീണില്ലെങ്കിലും 52ാം മിനിറ്റില്‍ പെറുവിന്റെ ഗോള്‍പോസ്റ്റ് കുലുക്കി സുവാരസ ഉറുഗ്വെയ്ക്ക് പ്രതീക്ഷയേകി. തൊട്ടുപിന്നാലെ 57ാം മിനിറ്റിലാണ് സുവാരസയിലൂടെ ഉറൂഗ്വെയുടെ രണ്ടാം ഗോള്‍ പിറന്നത്.
ഡീഗോ ഫോര്‍ലാനും സുവാരസും എതിരാളികളുടെ ഗോള്‍മുഖത്ത് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ടതോടെ പെറുവിനു ആശ്വാസഗോള്‍ പോലും നേടാനായില്ല. ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ വമ്പന്മാര് ക്വാര്‍ട്ടറില്‍തന്നെ പുറത്തായതോടെ ശേഷിക്കുന്നവരില്‍ കോപ്പ കിരീടം കൈയെത്തുംദൂരത്തുള്ള പ്രമുഖ ടീമാണ് ഉറുഗ്വെ.
രണ്ടാം പകുതിയില്‍ ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ ചില പരുക്കന്‍ കളികള്‍ ഇരുടീമുകളും പുറത്തെടുത്തതേ തുടര്‍ന്ന് പെറുവിന്റെ ജുവാന്‍ എം വരഗാസിനു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിവന്നു. കളിയിലുടനീളം ആറു മഞ്ഞകാര്‍ഡുകളും റഫറി പുറത്തെടുത്തു. നാളെ നടക്കുന്ന പരാഗ്വെ- വെനസ്വേല മത്സരത്തിലെ വിജയിയെ ഉറുഗ്വെ ഫൈനലില്‍ നേരിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല