ഇന്നത്തെ കുട്ടികളില്‍ പലരും അസാധാരണമാം വണ്ണം ശരീരഭാരമുള്ളവരാണ്. മാറിവരുന്ന ഭക്ഷണശീലങ്ങളും വേണ്ടത്ര കളിയും വ്യായാമവും ഇല്ലാത്ത അവസ്ഥയുമാണ് ഇത്തരമൊരു ആരോഗ്യപ്രശ്‌നത്തിലേയ്ക്ക കുട്ടികളെ നയിക്കുന്നത്.
പൊണ്ണത്തടി പെണ്‍കുട്ടികളില്‍ ആര്‍ത്തവാരംഭം നേരത്തേയാക്കും. സാധാരണ നിലയല്‍ 13-15വയസ്സിനുള്ളില്‍ ഉണ്ടാകേണ്ട ആര്‍ത്തവം പൊണ്ണത്തടിയുള്ള പെണ്‍കുട്ടികളില്‍ 10-12 വയസ്സിനിടയില്‍ സംഭവിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണവും മാറിയ ജീവിതരീതിയുമാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. വിവിധ നഗരങ്ങളിലുള്ള ഡോക്ടര്‍മാര്‍ പറയുന്നത് പത്ത് വയസ്സാകുമ്പോഴേയ്ക്കും ആര്‍ത്തവചക്രം തുടങ്ങിയെന്ന പരാതിയുമായി കുട്ടികളെ കാണിക്കാനെത്തുന്ന മാതാപിതാക്കളുടെ എണ്ണം കൂടുന്നുവെന്നാണ്.
നേരത്തേ ആര്‍ത്തവം സംഭവിക്കുന്നത് കുട്ടികളില്‍ വിഷാദരോഗത്തിനും ശ്രദ്ധയില്ലായ്മയ്ക്കും കാരണമാകുന്നുവെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇതുമാത്രമല്ല പോളിസിസ്റ്റിക് ഓവറി പോലുള്ള പ്രശ്‌നങ്ങള്‍ക്കും പ്രത്യുല്‍പാദന പരമായ പ്രശ്‌നങ്ങള്‍ക്കും, സ്തനാര്‍ബുദത്തിനുമെല്ലാം ആര്‍ത്തവം നേരത്തേയാകുന്നത് ഇടയാക്കും.
നാഗരിക ഭക്ഷണസംസ്‌കാരങ്ങളില്‍ നിന്നും കുട്ടികളെ മാറ്റിനിര്‍ത്തുക, കൃത്യമായ കായികാഭ്യാസം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ഇതിനെ തടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ അമ്മമാരാണ് കൂടുതല്‍ ജാഗരൂഗരാകേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല