1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2011

വിവാദങ്ങളും കോലാഹലങ്ങളുമില്ലെങ്കില്‍ പിന്നെന്ത് ബ്രിട്ടണ്‍ എന്നാണ് ഇപ്പോള്‍ ബ്രിട്ടീഷ്‍ പൗരന്മാര്‍ വ്യാപകമായി ഉപയോഗിക്കുന്ന പഴഞ്ചൊല്ല്. എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളില്ലാതെ, പ്രതിഷേധ സമരങ്ങളോ പ്രകടനങ്ങളോ കാണാതെ ബ്രിട്ടീഷ് ജനതയുടെ ഒരുദിവസം അവസാനിക്കാറില്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. വിവാദ കോലാഹലങ്ങളുടെ നിരയിലേക്ക് ഇപ്പോളെത്തിയിരിക്കുന്നത് പെന്‍ഷന്‍ വിവാദമാണ്.

ബ്രിട്ടണിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനമാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം. നിലവില്‍ അറുപതാണ് ബ്രിട്ടണിലെ പെന്‍ഷന്‍ പ്രായം. അത് അറുപത്തിയാറാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ട്രഷറി ചീഫ് സെക്രട്ടറി ഡാനി അലക്സാണ്ടര്‍ പറഞ്ഞു. അതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന പ്രക്രീയയെ അങ്ങേയറ്റം ബുദ്ധിപരമായ തീരുമാനമെന്നാണ് ഡാനി അലക്സാണ്ടര്‍ വിശേഷിപ്പിച്ചത്. പെന്‍ഷന്‍ നല്‍കുന്നത് ശമ്പളത്തിന്റെ ശരാശരി കണക്കാക്കിയായിരിക്കുമെന്ന തീരുമാനവും എടുത്തിട്ടുണ്ട്. 2020ഓടെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന് പറഞ്ഞിരിക്കുന്നത്.

എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരില്‍ ബ്രിട്ടണിലെ 750,000 ഓളം വരുന്ന അദ്ധ്യാപകരും സിവിള്‍ സര്‍വന്റും സമരം ചെയ്യാന്‍ തുടങ്ങുകയാണ്. ജൂണ്‍ മുപ്പതിന് ഇവര്‍ സമരത്തിനിറങ്ങുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ജൂണ്‍ മുപ്പതിന് തുടങ്ങാന്‍ പോകുന്ന സമരം ട്രേഡ് യൂണിയന്‍ നേതാക്കന്മാരുടെ താല്‍പര്യപ്രകാരമുള്ള സമരമെന്നാണ് ഡാനി അലക്സാണ്ടര്‍ വിശേഷിപ്പിച്ചത്. ഈ സമരം ഒരിക്കലും തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായമോ, മറ്റ് നിയമങ്ങളോ ആയിട്ട് ബന്ധപ്പെട്ട സമരമല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജൂണ്‍ മുപ്പതിന് തുടങ്ങാന്‍ പോകുന്ന സമരം തൊഴിലാളികളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാനുള്ള സമരമല്ലെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമാന്ദ്യത്തിനിടയില്‍ സംഭവിക്കുന്ന ഇത്തരത്തിലുള്ള കാര്യങ്ങള്‍ ജനങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് സര്‍ക്കാരിന്റെ ചെറിയ തീരുമാനങ്ങളോടുപോലും ശക്തമായ ഭാഷയില്‍ പ്രതികരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. സ്കൂളുകളും കോളേജുകളും ജോബ്സെന്ററുകളും മറ്റും അടച്ചിട്ട് സമരം ചെയ്യാന്‍ തന്നെയാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ജയില്‍ തൊഴിലാളികളും കുടിയേറ്റ നിയമങ്ങള്‍ നോക്കുന്നവരും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അങ്ങനെ ബ്രിട്ടണ്‍ വീണ്ടുമൊരു സമരകാലത്തെ അഭിമുഖീകരിക്കാന്‍ പോകുകയാണെന്ന് പറയാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.