1981ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന് നേരെനടന്ന വധശ്രമത്തിന് പിന്നില്‍ ഇസ്‌ലാമിക തീവ്രവാദികളായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പോളണ്ടിലെ പഴയ കമ്മ്യൂണിസ്റ്റ് നേതാവാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ജനറല്‍ വോസിനിക് ജറുസെല്‍ക്കിയാണ് വധശ്രമത്തിന് പിന്നില്‍ ഇസ്‌ലാമിക തീവ്രവാദികളാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. പോളണ്ടിലെ ജീസസ് മാസികയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കുരിശുയുദ്ധം നടത്തുന്ന ആളായിട്ടാണ് ഇസ്‌ലാമിക തീവ്രവാദികള്‍ അദ്ദേഹത്തെ കണ്ടിരുന്നതെന്നും ഇതാണ് വധശ്രമത്തില്‍ കലാശിച്ചതെന്നും പഴയ കമ്മ്യൂണിസ്റ്റ് പറയുന്നുണ്ട്.
1981ലായിരുന്നു പോപ്പിനുനേരെ വധശ്രമമുണ്ടായത്. വത്തിക്കാനിലെ സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍വെച്ച് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനുനേരെ അക്രമി വെടിവെയ്ക്കുകയായിരുന്നു. തുര്‍ക്കിക്കാരനായ മെഹ്മത്ത് അലി അഗ്കയായിരുന്നു വെടിയുതിര്‍ത്തത്. പോപ്പിന് ഗുരുതരമായി പരിക്കേറ്റെങ്കിലും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
അതിനിടെ ജറുസല്‍ക്കിയുടെ വെളിപ്പെടുത്തലുകള്‍ ഇതിനകം തന്നെ ഏറെ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. മേയ് ഒന്നിനാണ് പോപിന്റെ ബീറ്റിഫിക്കേഷന്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ജറുസല്‍ക്കിയുടെ പുതിയ വെളിപ്പെടുത്തല്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല