ലണ്ടന്‍: യൂറോപ്പില്‍ സാമ്പത്തികമാന്ദ്യകാലം അതിന്റെ ഉച്ഛകോടിയില്‍ നില്‍ക്കുകയാണെന്നാണ് ഓരോ ദിവസവും ലഭിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെല്ലാംതന്നെ സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറിയെന്ന് പറയാവുന്ന അവസ്ഥയിലാണെങ്കിലും ഗ്രീസില്‍ പിടിമുറുക്കിയ സാമ്പത്തികമാന്ദ്യം യൂറോയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. യൂറോപ്പിന് മൊത്തത്തില്‍ ഒറ്റനാണയമെന്നൊക്കെ പറഞ്ഞ് പുറത്തിറക്കിയ യൂറോയുടെ തകര്‍ച്ച യൂറോപ്പിലെ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് സഹിക്കാനാകുന്നില്ല. അതുകൊണ്ടുതന്നെയാണ് ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങള്‍ കടുത്ത സാമ്പത്തികമാന്ദ്യത്തിനിടയിലും യൂറോയെ സഹായിക്കാന്‍ ബില്യണ്‍ കണക്കിന് പൗണ്ട് ഒഴുക്കുന്നത്. യൂറോ ഇപ്പോള്‍ ഒരു അഭിമാനപ്രശ്നമായി മാറിയിട്ടുണ്ട് പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും.
അതിനിടയിലാണ് ബ്രിട്ടന്റെ സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇടയ്ക്കും തലയ്ക്കും പുറത്തുവരുന്ന ഇത്തരം ഓര്‍മ്മപ്പെടുത്തല്‍ റിപ്പോര്‍ട്ടുകളില്‍ ഏറ്റവും പുതിയത് ബില്യണ്‍ കണക്കിന് പൗണ്ട് നോട്ടടിച്ച് സാമ്പത്തികമേഖലയിലേക്ക് ഒഴുക്കിയാല്‍ മാത്രമേ ബ്രിട്ടന്റെ സാമ്പത്തികരംഗം ഉഷാറാകുകയുള്ളെന്ന ബാങ്കുകളുടെ ഓര്‍മ്മപ്പെടുത്തലാണ്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. അന്താരാഷ്ട്ര വിപണിയില്‍ പൗണ്ടിന്റെ മൂല്യമിടിയുമെന്ന ഭയത്തില്‍നിന്നാണ് ഈ നിര്‍ദ്ദേശം വരുന്നതെന്ന് അവര്‍ അറിയിച്ചു.ഈ മാസമാദ്യം വളര്‍ച്ച കാണിച്ച പൌണ്ട് വിലയുടെ ഗ്രാഫ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ താഴോട്ടാണ്. ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ മൂല്യം ഈ മാസമാദ്യം 73.50 ആയിരുന്നെങ്കില്‍ ഇന്നലെ അത് കഷ്ട്ടി 72 ആണ് .സാമ്പത്തികമാന്ദ്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ കൈവിട്ടു സഹായിക്കുന്നുവെന്ന് പരാതി വ്യാപകമായി ഉയരുന്നതിനിടയിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബില്യണ്‍ കണക്കിന് പൗണ്ട് ബ്രിട്ടന്റെ ബാങ്കിംഗ് മേഖലയില്‍ ഇറക്കിയില്ലെങ്കില്‍ പ്രശ്നം അതീവ ഗുരുതരമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമ്പത്തികമാന്ദ്യം അല്പമൊന്ന് അകന്നെങ്കിലും ബാങ്കുകളുടെ ഭീതി ഇപ്പോഴും മാറിയിട്ടില്ലെന്ന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ദന്‍ ബ്രയാന്‍ ഹില്ലാര്‍ഡ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല