എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്…
‘നീയറിയില്ലെന്‍ നിനവുകളില്‍ നീയരുളുന്നൊരീ നിര്‍വൃതികള്‍..
നീയില്ലാതെയില്ല ജീവിതം, നീയില്ലാതെ മരണവും’
വാലന്റൈന്‍സ് ഡേ. ആഗോളപ്രണയദിനം. പ്രണയത്തിനായി ജീവിതം ഹോമിച്ച വാലന്റൈന്‍സിന്റെ ഓര്‍മ്മയ്ക്കായുള്ള ഒരു ദിനം. പരസ്പരം ഹൃദയം കൈമാറിയും പ്രണയസന്ദേശങ്ങള്‍ നല്‍കിയും പരിശുദ്ധപ്രണയത്തെ കൂടുതല്‍ ദൃഢമാക്കാനൊരു ദിനം.
വാലന്റൈന്‍സ് ഡേ ; പ്രണയദിനത്തിന്റെചരിത്രം
നിരവധി ഐതിഹ്യങ്ങള്‍ പ്രണയദിനവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. സെന്റ് വാലന്റൈന്‍സ് എന്ന പുരോഹിതനുമായി ബന്ധപ്പെട്ടുള്ള കഥയാണ് ഇതില്‍ പ്രധാനം. വാലന്റൈനിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ രേഖകളൊന്നും തന്നെയില്ല. എ.ഡി 270ല്‍ റോമില്‍ ജീവിച്ചിരുന്ന ആളായിരുന്നു വാലന്റൈന്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്.
അക്കാലത്തെ സൈന്യത്തിലുള്ള യുവാക്കള്‍ വിവാഹം കഴിക്കരുതെന്ന കടുത്ത നിര്‍ദ്ദേശമുണ്ടായിരുന്നു. രാജ്യരക്ഷയ്ക്കും മറ്റുരാജ്യങ്ങള്‍ വേട്ടയാടിസ്വന്തമാക്കുന്നതിനുമായി ക്ലാഡിയസ് ചക്രവര്‍ത്തി വിവാഹം തന്നെ നിരോധിച്ചു.
എന്നാല്‍ ചക്രവര്‍ത്തി ക്ലാഡിയസ് രണ്ടാമന്റെ നിര്‍ദ്ദേശത്തെ മറികടന്ന് സെന്റ് വാലന്റൈന്‍ നിരവധി ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടേയും വിവാഹസ്വപ്നങ്ങളെ പൂര്‍ത്തീകരിച്ചുകൊണ്ടിരുന്നു. ഇതറിഞ്ഞ ക്ലാഡിയസ് കോപാകുലനായി വാലന്റൈനെ തുറുങ്കിലടച്ചു. എന്നാല്‍ അവിടംകൊണ്ടൊന്നും കമിതാക്കള്‍ക്കായുള്ള തന്റെ നിസ്വാര്‍ത്ഥസേവനം അവസാനിപ്പിച്ചില്ല.
ജയില്‍ വാര്‍ഡന്റെ അന്ധയായ മകളുമായി പ്രണയത്തിലാവുകയായിരുന്നു. വാലന്റൈന്റെ നിസ്സീമമായ പ്രണയത്തിന്റെ അല്‍ഭുതശക്തിമൂലം പെണ്‍കുട്ടിക്ക് കാഴ്ച്ച തിരിച്ചുകിട്ടി. എന്നാല്‍ ഇതിന് വാലന്റൈന്‍ ലഭിച്ച ശിക്ഷ കടുത്തതായിരുന്നു. തലവെട്ടാന്‍ ക്ലാഡിയസ് കല്‍പ്പനയിട്ടു. മരണത്തിലേക്ക് അടുക്കുന്നതിന് മുമ്പായി വാലന്റൈന്‍്സ് ഒരു ചെറിയ കുറിപ്പില്‍ ഇത്രമാത്രമെഴുതി. ‘ഫ്രം യുവര്‍ വാലന്റൈന്‍’…
കമിതാക്കള്‍ക്കുവേണ്ടി ഹൃദയരക്തം ചിന്തിയ ഈ പുരോഹിതന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമമര്‍പ്പിച്ചാണ് ഓരോ കാമുകനും കാമുകിയും വാലന്റൈന്‍സ് ദിനം ആഘോഷിക്കേണ്ടത്. ഇതൊക്കെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ? സ്മാര്‍ട്ട്ഫോണിന്റേയും ഫേയ്സ്ബുക്കിന്റേയും ഗാഡ്ജറ്റുകളുടേയും കണ്ണഞ്ചിപ്പിക്കുന്ന ‘എക്സ്-ജനറേഷന്’ കമിതാക്കള്‍ക്ക് ഇത്തരം പഴഞ്ചന്‍ ഐതിഹ്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. എങ്കിലും അവര്‍ ആഘോഷിക്കുകയാണ്, ഓരോ നിമിഷവും.
പതിവുപോലെ പ്രണയദിനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തങ്ങളുടെ വാദങ്ങളുമായി ഇത്തവണയും രംഗത്തുണ്ട്. കമ്പോളശക്തികളുടെ മായികലോകത്തിനു മുമ്പില്‍ യുവമനസുകളെ തളച്ചിടാനൊരു ദിനം എന്നാണ് വാലന്റൈന്‍സ് ഡേ എന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു. അതല്ല, നിലവിലെ പ്രണയം കൂടുതല്‍ ദൃഡമാക്കാനും പുതിയ പ്രണയം തുടങ്ങാനും പിണക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനും പറ്റിയദിനം എന്ന് വാലന്റൈന്‍ ദിനത്തെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നു.
എന്തൊക്കപ്പറഞ്ഞാലും വാലന്റൈന്‍സ് ഡേ ഏറ്റവുമധികം സ്പോണ്സര് ചെയ്യുന്നത് കമ്പോളശക്തികളാണെന്ന കാര്യം വിസ്മരിക്കാനാവില്ല. യു.എസ്, ലണ്ടന്‍,ഫ്രാന്‍സ്, ജര്‍മനി എന്നീ രാഷ്ട്രങ്ങളിലാണ് പ്രധാന ആഘോഷങ്ങള്‍. ആഗോളവല്‍ക്കരണം എത്തിയതോടെ ഇന്ത്യയും ഓരോ കുഗ്രാമങ്ങളും വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ തുടങ്ങി.
കമിതാക്കളെ വീഴ്ത്താനായി കമ്പോളം ഒരുങ്ങിയിക്കഴിഞ്ഞു. യുവാക്കളെ വീഴ്ത്താന്‍ ഇതിലും മികച്ച ഒരവസരം ലഭിക്കില്ലെന്നാണ് കച്ചവടക്കാര്‍ വ്യക്തമാക്കുന്നത്. പ്രണയിനിക്കുവേണ്ടി എന്തെങ്കിലും ഗിഫ്റ്റ് വാങ്ങിയിട്ടില്ലെങ്കില്‍ പിന്നെന്ത് വാലന്റൈന്‍സ് എന്ന യുവാക്കളുടെ ചിന്തയാണ് കച്ചവടക്കാരെ നയിക്കുന്നത്. കോടികളുടെ കച്ചവടമാണ് ഓരോ വാലന്റൈന്‍സ് ഡേ സീസണിലും നടക്കുന്നത്.
അങ്ങനെ വാലന്റൈന്‍സ് എന്ന പുരോഹിതനെ കച്ചവടക്കാരും സ്മരിക്കുന്നു. വാലന്റൈന്‍സ് ഇല്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ആഘോഷം ഉണ്ടാകുമായിരുന്നോ? ഇങ്ങനെയൊരു ആഘോഷമില്ലായിരുന്നെങ്കില്‍ ഇത്രയുംവലിയ കച്ചവടം നടക്കുമായിരുന്നോ? എന്തായാലും വാലന്റൈന്‍സ് പുരോഹിതനേ, നിനക്ക് നമോവാകം!!!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല