1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2011

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോഡ്‌സ് മൈതാനത്തേക്ക് ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ദ്രാവിഡിന് പ്രായം 23. അന്ന് തിരിച്ച് കയറുന്നത് 95 റണ്‍സ് നേടിയതിന് ശേഷം. ഒന്നര ദശാബ്ദത്തിനു ശേഷം 38 ാം വയസ്സില്‍ സബീന പാര്‍ക്കിലെ വേഗതയേറിയ പിച്ചില്‍ കരീബിയന്‍ പേസ് പടക്ക് മുന്നില്‍ പേര് കേട്ട ഇന്ത്യന്‍ യുവനിര ഓരോരുത്തരായി മുട്ടിടിച്ച് വീഴുമ്പോള്‍ മറുവശത്ത് അക്ഷോഭ്യനായി ദ്രാവിഡുണ്ടായിരുന്നു. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി ‘ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍’ പൊരുതി നേടിയത് തന്റെ 32ാം ടെസ്റ്റ് സെഞ്ച്വറി.

എന്നും ക്ഷമയുടെ പര്യായമായിരുന്നു ദ്രാവിഡ്. ലോര്‍ഡ്‌സിലെ അരങ്ങേറ്റ മത്സരത്തില്‍ ഏഴാമനായി ഇറങ്ങി ആറു മണിക്കൂറിലേറെ ക്രീസില്‍ ചെലവഴിച്ചാണ് 95 റണ്‍സ് നേടിയത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമാണ് ദ്രാവിഡ്. അന്ന് ദ്രാവിഡിനൊപ്പം അരങ്ങേറ്റം കുറിച്ച സൗരവ് ഗാംഗുലി ഇപ്പോള്‍ കമന്റേറ്ററുടെ റോളിലും ഐ.പി.എല്ലിലുമായി ഒതുക്കപ്പെട്ടപ്പോഴും ടെസ്റ്റ് ടീമില്‍ മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായി ബാറ്റിംഗ് തുടരുകയാണ് ദ്രാവിഡ്.

150 ടെസ്റ്റുകളില്‍ നിന്നായി 52 നു മുകളില്‍ ശരാശരിയില്‍ പന്ത്രണ്ടായിരത്തിലധികം റണ്‍സ്. ആറ് ഇരട്ട സെഞ്ച്വറികള്‍. 32 സെഞ്ച്വറികള്‍. 59 അര്‍ദ്ധ സെഞ്ച്വറികള്‍.എന്നിങ്ങനെ സമാനകളില്ലാതെ നീളുന്നു ദ്രാവിഡിന്റെ നേട്ടങ്ങള്‍. ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറികള്‍ നേടിയത് ദ്രാവിഡാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരില്‍ സച്ചിനും റിക്കി പോണ്ടിംഗിനും പിറകില്‍ മൂന്നാമനാണ് ദ്രാവിഡ്. ഇതിനെല്ലാം പുറമെ ടെസ്റ്റ് ക്രിക്കറ്റില്‍ 200 ക്യാച്ചെന്ന മായികനേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനെന്ന ബഹുമതിയും ഇന്ത്യയുടെ വന്മതിലിന് സ്വന്തം. കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുകള്‍ എടുക്കാന്‍ മിടുക്കനായ ദ്രാവിഡ് ലോകത്തെ ഏറ്റവും മികച്ച സ്ലിപ്പ് ഫീല്‍ഡറായാണ് കണക്കാക്കപ്പെടുന്നത്.

ഏകദിനത്തിലും ദ്രാവിഡ് തന്റേതായ മികവ് പ്രകടിപ്പിച്ചു. ഏത് നമ്പറിലും ബാറ്റ് വീശാന്‍ പരിഗണിക്കാവുന്ന താരമാണ് ദ്രാവിഡ്. ഇടക്കാലത്ത് ടീമിനാവശ്യം വന്നപ്പോള്‍ വിക്കറ്റ് കീപ്പറുടെ റോളിലും ദ്രാവിഡ് അവതരിച്ചു. 339 ഏകദിനങ്ങളില്‍ നിന്നായി പതിനായിരത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. 153 ആണ് മികച്ച സ്‌കോര്‍.

ഉപഭൂഖണ്ഡത്തിലെ പൊതുവെ വേഗത കുറഞ്ഞ പിച്ചുകളില്‍ പുലികളായ താരങ്ങള്‍ പലരും വിദേശപിച്ചുകളില്‍ പല്ലുകൊഴിഞ്ഞ പുലികളാവുമ്പോള്‍ എന്നും ഇന്ത്യയുടെ രക്ഷകനായിരുന്നു ദ്രാവിഡ്. ടെസ്റ്റിലെ എല്ലാ രാജ്യങ്ങള്‍ക്കെതിരെയും അവരുടെ നാട്ടില്‍ സെഞ്ച്വറി നേടിയ ഏകതാരമാണ് ദ്രാവിഡ്.

പ്രതിഭാശാലികള്‍ക്കും കഠിനാധ്വാനികള്‍ക്കും പ്രായം ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ച് പുതിയ തലമുറകള്‍ക്ക് പുതിയ പാഠങ്ങളുമേകി ഇന്ത്യയുടെ വന്‍മതില്‍ കരിയറിന്റെ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ഒരു ചോദ്യം ക്രിക്കറ്റ് പ്രേമികളെ വേട്ടയാടുന്നു. ദ്രാവിഡിനു ശേഷം പ്രതിസന്ധികളില്‍ രക്ഷകനായി ആരവതരിക്കും ?.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.