ന്യൂഡല്‍ഹി: കടക്കെണിയെത്തുടര്‍ന്ന് പ്രതിസന്ധിയില്‍ പെട്ട് ഉലയുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ലാഭത്തിലേക്ക്. തുടര്‍ച്ചയായ രണ്ട് മാസങ്ങളില്‍ ലാഭം നേടിക്കൊണ്ടാണ് എയര്‍ ഇന്ത്യ തിരിച്ചുവരവ് നടത്തുന്നത്. നവംബറില്‍ 21.66 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടിയ കമ്പനി ഡിസംബറില്‍ ഇത് 50 കോടിയായി ഉയര്‍ത്തി. ജനവരിയിലും ലാഭത്തിലായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍ ഇന്ത്യയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2006 മുതല്‍ നഷ്ടത്തിന്റെ കഥ മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ എയര്‍ ഇന്ത്യയ്ക്ക്. ആ കഥ തിരുത്തുകയാണ് കമ്പനി.
2008-09, 2009-10 വര്‍ഷങ്ങളില്‍ 12,740 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു കമ്പനി. 2010 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലും നഷ്ടം തുടര്‍ന്നു.
ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 17.3 ശതമാനം വര്‍ധന കൈവരിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഈ കാലയളവില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര വിമാനസഞ്ചാരികളുടെ എണ്ണം 19 ശതമാനം ഉയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല