കടം കേറി മുടിഞ്ഞ് തകര്‍ച്ചയുടെ പാതയിലായ കെയര്‍ ഹോം ഗ്രൂപ്പായ സതേണ്‍ ക്രോസ് പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള ഉപദേശത്തിനായി വിവിധ കമ്പനികള്‍ക്കായി 500,000 പൗണ്ടാണ് ഒരാഴ്ച നല്‍കുന്നത്. നഷ്ട്ടത്തില്‍ നിന്നും കര കയറാനായി നഴ്സുമാര്‍ അടക്കമുള്ള 3,000 ജീവനക്കാരെ പിരിച്ചുവിടാന്‍ കഴിഞ്ഞ ദിവസമാണ് സതേണ്‍ ക്രോസ് തീരുമാനിച്ചത്.
രാജ്യത്തെ ചില ബാങ്കുകള്‍ക്കും അക്കൗണ്ടന്റ്സിനും വക്കീലന്മാര്‍ക്കുമായി ഏകദേശം 2മില്യണ്‍ പൗണ്ട് സതേണ്‍ ക്രോസ് മാസത്തില്‍ അടയ്ക്കുന്നുണ്ടെന്നാണ് ദ ഈവനിംങ് സ്റ്റാന്റേര്‍ഡിന്റെ കണക്ക്. ഈ പണത്തിന്റെ സിംഹഭാഗവും കെ.പി.എം.ജി അക്കൗണ്ടന്റ്സിനും, സോളിസിറ്റര്‍ സംരംഭമായ ക്ലിഫോര്‍ഡ് ചാന്‍സിനും, ഗ്രീന്ഹില്ലിലെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിനുമാണ് നല്‍കുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ വരെ കെയര്‍ ഹോം ക്വാളിറ്റി കമ്മീഷന്റെ ആഭ്യന്തര ഓഡിറ്ററായി പ്രവര്‍ത്തിച്ചവരാണ് കെ.പി.എം.ജി . യു.കെയിലെ നാല് വലിയ കെയര്‍ പ്രൊവൈഡേഴ്സിനെ പ്രതിനിധീകരിക്കുന്ന പിആര്‍ ഫേമായ ഫിനാന്‍ഷ്യല്‍ ഡൈനാമിക്സും സതേണ്‍ ക്രോസില്‍ നിന്നും പണം സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ 31,000 ത്തോളം വരുന്ന മുതിര്‍ന്നവരെ സംരക്ഷിക്കുന്ന സതേണ്‍ക്രോസ് നികുതിദായകരുടെ സഹായധനവും കൈപറ്റുന്നുണ്ട്.
പ്രതിസന്ധി തരണം ചെയ്യാനായി ഇത്രയും തുക നീക്കിവയ്ക്കുന്നു എന്നത് ഞെട്ടിക്കുന്നതാമെന്ന് സതേണ്‍ ഗ്രൂപ്പ് സ്റ്റാഫുകളെ പ്രതിനിധീകരിക്കുന്ന ജി.എം.ബി യൂണിയന് പറഞ്ഞു. കമ്പനിയെ തകര്‍ച്ചയില്‍ നിന്നുയര്‍ത്താന്‍ യാതൊരു വഴിയുമില്ലെന്നാണ് ബിസിനസ് സെക്രട്ടറി വിന്‍സ് കേബിള്‍ പ്രഖ്യാപിച്ചത്. പൊതു സേവനം നല്കുന്ന മറ്റ് കമ്പനികള്‍ അവരുടെ ഭദ്രത നിലനിര്‍ത്താന്‍ എന്തൊക്കെയാണ് ചെയ്യുന്നത് പഠിക്കാന്‍ താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല