പ്രഥമ അതിരമ്പുഴ സംഗമം പ്രൗഢഗംഭീരമായ പരിപാടികളോടെ സാല്‍ഫോര്‍ഡില്‍ വെച്ച് നടന്നു. പിറന്ന മണ്ണിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതിനും അയല്‍ക്കാരെയും സുഹൃത്തുക്കളെയും കണ്ടുമുട്ടുന്നതിനുമായി നിരവധി അതിരമ്പുഴ മക്കള്‍ പരിപാടികള്‍ പങ്കെടുക്കാനെത്തി. രാവിലെ 10.30ന് സംഗമത്തിന് തുടക്കം കുറിച്ചുകൊണ്ട് ജോബോയി ജോസഫ് സ്വാഗതം ആശംസിച്ചു. നാട്ടില്‍ നിന്നുമെത്തിയ മാതാപിതാക്കന്മാര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരിയും ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍ ഓഫീസറുമായ റവ.ഡോ.മാണി പുതിയടത്തിന്റെയും അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ഇടവഴിക്കലിന്റെയും അതിരമ്പുഴ സ്‌പോട്‌സ് അക്കാഡമി സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ച് നല്‍കിയ സന്ദേശങ്ങളും ചടങ്ങില്‍ വായിച്ചു.
സെബാസ്റ്റ്യന്‍ നിരവത്ത് പ്രഥമ സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സംഗമത്തിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ച ഉണ്ണി വെള്ളിനാങ്കലിനെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രിസ്റ്റണ്‍ കിരണ്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും പരിപാടികള്‍ക്ക് കൊഴുപ്പേകി. പന്തല്‍ കേറ്ററിംഗ് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ പരിപാടിയുടെ പ്രത്യേകതയായി. അതിരമ്പുഴ പള്ളി വികാരി റവ.ഡോ.മാണി പുതിയിടത്തെയും, മറ്റ് വിശിഷ്ട വ്യക്തികളെയും പങ്കെടുപ്പിച്ച് അടുത്ത വര്‍ഷത്തെ സംഗമം ജൂലായ് 28ന് ബോള്‍ട്ടണില്‍ വെച്ച് നടത്തുവാന്‍ പ്രഥമ സംഗമത്തില്‍ തീരുമാനമായി.
പരിപാടിയുടെ വിജയത്തിനായി സാബു കുര്യന്‍ മന്നാകുളം, രക്ഷാധികാരിയായും, ജോബോയി ജോസഫ്, സണ്ണി പാറപ്പുറം, ഉണ്ണി വെള്ളിനാങ്കല്‍, സാജു തെങ്ങുതോട്ടം തുടങ്ങിയവര്‍ അടങ്ങുന്ന കമ്മറ്റയെ ചുമതല ഏല്‍പ്പിച്ചു. സാബു ചുണ്ടക്കാട്ടില്‍ കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഉണ്ണി വെള്ളിനാങ്കല്‍, ജോബോയി ജോസഫ്, സിജോ മണ്ണഞ്ചേരി തുടങ്ങിയവര്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല