സ്വന്തം ലേഖകന്‍: പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ യുകെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ തകൃതി, വിരുന്നൊരുക്കാന്‍ രാജ്ഞിയും. അടുത്ത മാസമാണ് മോദിയുടെ യുകെ സന്ദര്‍ശനം. പത്ത് വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുകെയില്‍ എത്തുന്നത്. 2006 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗ് ഇംഗ്ലണ്ട് സന്ദര്‍ശിച്ചിരുന്നു.
ആദ്യമായി ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുക. ലണ്ടനിലെ ബക്കിംഗ്ഹാം പാലസില്‍ മോദിക്ക് എലിസബത്ത് രാജ്ഞി വിരുന്നൊരുക്കുന്നുണ്ട്.നവംബര്‍ 13 നായിരിക്കും ഉച്ചയൂണിനായി നരേന്ദ്ര മോദി ബക്കിംഗ്ഹാം പാലസിലെത്തുക എന്നാണ് സൂചന.
നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായുള്ള കൂടിക്കാഴ്ചയോടെയാകും മോദിയുടെ ഇംഗ്ലണ്ട് പര്യടനം തുടങ്ങുക. ഭീകരതയ്ക്കെതിരായ പോരാട്ടം, അഫ്ഗാനിസ്ഥാന് പാകിസ്താന് വിഷയങ്ങള്‍, ഐസിസിനെതിരായ പ്രതിരോധം തുടങ്ങിയ കാര്യങ്ങള്‍ ഇരുപ്രധാനമന്ത്രിമാരും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയങ്ങളാകും.
ഹൗസ് ഓഫ് കോമണ്‍സ്, ലോര്‍ഡ്സ് സഭകളെ മോദി അഭിസംബോധന ചെയ്യും. ലണ്ടനിലെ മലയാളി സമൂഹത്തെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിലാണ് മോദി കാണുന്നത്. 2014 മെയ് 14 നാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. ഇതുവരെയായി മോദി 27 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല