സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കില്‍ യു.എന്‍. പൊതുസമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സാമ്പത്തിക സഹകരണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ വിഷയങ്ങളിലായിരുന്നു മോദി ഒബാമയുമായി ചര്‍ച്ച നടത്തിയത്.
അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ വലിയ പുരോഗതിയുണ്ടായെന്ന് മോദി പറഞ്ഞു. ഇന്ത്യയുമായുള്ള സൗഹൃദത്തിലും സഹകരണത്തിലും തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ബറാക്ക ഒബാമ പറഞ്ഞു. യു.എന്‍ സ്ഥിരാംഗത്വവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പിന്തുണച്ചതിന് ബറാക്ക ഒബാമയ്ക്ക് മോദി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ഡ് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാനും റഷ്യയും ഉള്‍പ്പെടെ ഏത് രാജ്യവുമായും സഹകരിക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ യു.എന്‍. പൊതുസമ്മേളനത്തില്‍ വ്യക്തമാക്കി. സിറിയന്‍ പ്രസി!ഡന്റ് ബഷാര്‍ അല്‍ അസദിനെ സ്വേച്ഛാധിപതിയെന്ന് വിളിച്ച ബറാക് ഒബാമ സിറിയയില്‍ നാലുവര്‍ഷമായി നടക്കുന്ന ആഭ്യന്തരയുദ്ധത്തിനു കാരണക്കാരന്‍ അസദ് ആണെന്നും വിമര്‍ശിച്ചു. ക്യൂബയ്‌ക്കെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ യു.എസ്. കോണ്‍ഗ്രസ് അനുകൂലിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
ലഷ്‌കര്‍ ഇ തോയിബ, ഹഖാനി ഗ്രൂപ്പ് തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു. യു.എന്‍ സമ്മേളനത്തിനെത്തിയ ഷെരീഫുമായി കെറി നടത്തിയ കൂടിക്കാഴ്ചയില്‍ അഫ്ഗാന്‍ പ്രശ്‌നം, ഭീകരവിരുദ്ധ പോരാട്ടം എന്നിവ ചര്‍ച്ചാവിഷയമായി
ഒരുവര്‍ഷത്തിനിടെ മൂന്നാംവട്ടമാണ് ഇരുരാഷ്ട്രത്തലവന്‍മാരും കൂടിക്കാഴ്ച നടത്തിയത്. ജനുവരിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയപ്പോഴാണ് ഒബാമയും മോദിയും ഒടുവില്‍ ചര്‍ച്ച നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല