1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2012

പാരിസ്: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതെന്ന ആരോപണത്തെത്തുടര്‍ന്ന് അമേരിക്കന്‍ സിനിമയ്‌ക്കെതിരേ ലോകമെമ്പാടും മുസ്ലിംസമൂഹം പ്രതിഷേധം തുടരവേ ഫ്രാന്‍സില്‍ നിന്നും മറ്റൊരു പ്രകോപനം. പ്രവാചകന്റെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക പുതിയ വിവാദത്തിനും പ്രകോപനത്തിനും തുടക്കമിട്ടിരിക്കുകയാണ്. ‘ചാര്‍ലി ഹെബ്‌ഡോ’ എന്ന വാരികയിലാണ് മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ചത്. വാരികയുടെ കവര്‍ ചിത്രവും ഇത്തരത്തിലുള്ളതായിരുന്നു.

ഇതോടെ ഫ്രാന്‍സില്‍ പലയിടത്തും പ്രതിഷേധം ശക്തമായി. എംബസികളില്‍ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാരികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഫ്രഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ട മുസ്ലിം സംഘടനകള്‍, ഇസ്ലാം മതത്തെ പാശ്ചാത്യ രാജ്യങ്ങള്‍ തുടര്‍ച്ചയായി അവഹേളിക്കുന്നതായി കുറ്റപ്പെടുത്തുകയും ചെയ്തു. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണിന്റെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച മാസികയ്‌ക്കെതിരെ നടപടിയെടുത്തതു പോലെ ഫ്രഞ്ച് കോടതി ഇക്കാര്യത്തിലും കടുത്ത നടപടി എടുക്കണമെന്നായിരുന്നു ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി മേധാവി എസ്സാം ഇരിയാന്‍ ആവശ്യപ്പെട്ടത്.
രണ്ടുവര്‍ഷംമുമ്പ് നബിയുടെ കാര്‍ട്ടൂണുകള്‍ ഡാനിഷ് മാസിക പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 2005ല്‍ മുസ്ലിം രാജ്യങ്ങളില്‍ വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയുണ്ടായി. 50 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

മുസ്ലിംകളുടെ വിശ്വാസ വികാരത്തെ വ്രണപ്പെടുത്തി സംഘര്‍ഷം കുത്തിപ്പൊക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് വാരിക നടത്തിയതെന്ന് മുസ്ലിം നേതാക്കള്‍ പ്രതികരിച്ചു. വാരികക്കെതിരെ ഉയരാവുന്ന രൂക്ഷമായ പ്രതിഷേധം കണക്കിലെടുത്ത് രാജ്യത്തുടനീളം ഫ്രഞ്ച് അധികൃതര്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തി. പ്രതിഷേധത്തെ ഭയന്ന് 20 രാജ്യങ്ങളിലെ എംബസികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളിയാഴ്ച അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.