ലോകമെമ്പാടുമുള്ള പ്രവാസികളുടെ പരാതികള്‍ക്ക് ഉടനടി പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ സംവിധാനം മദദ് നിലവില്‍ വന്നു. സമ്പൂര്‍ണ ഓണ്‍ലൈന്‍ പരാതി പരിഹാര സിസ്റ്റമാണ് മഡാഡ്. ലോകത്തിന്റെ ഏതു കോണിലുള്ള ഇന്ത്യക്കാര്‍ക്കും മഡാഡില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.
ഓണ്‍ലൈന്‍ കോണ്‍സുലാര്‍ ഗ്രീവന്‍സ് സിസ്റ്റം എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. സഹായം എന്നര്‍ഥമുള്ള മദദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. പരാതികളില്‍ കഴിയാവുന്നത്ര വേഗം നടപടികള്‍ എടുക്കാന്‍ കഴിയും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതയെന്ന് മഡാഡ് ഉദ്ഘാടനം ചെയ്തു കൊണ്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
തങ്ങള്‍ നേരിടുന്ന ഏതു പ്രശ്‌നവും പ്രവാസികള്‍ക്ക് മദദ് വെബ്‌സൈറ്റ് വഴി പരാതിയായി രജിസ്റ്റര്‍ ചെയ്യാം. അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴിയാണ് സഹായം പരാതിക്കാരെ തേടിയെത്തുക. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യപ്പെട്ട പരാതിയുടെ പുരോഗതി പരാതിക്കാര്‍ക് അറിയാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഏതു വിഭാഗത്തിലെ ഏത് ഉദ്യോഗസ്ഥനാണ് തങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതെന്നും പരാതിക്കാര്‍ക്ക് അറിയാനാകും. വെരി ഹൈ പ്രയോരിറ്റി, ഹൈ പ്രിയോരിറ്റി എന്നും രണ്ടായി തരം തിരിച്ചാണ് മദദില്‍ പരാതികള്‍ സ്വീകരിക്കുക. പ്രവാസികളുടെ മരണം സംബന്ധിച്ച ഏതു പരാതിയും വെരി ഹൈ പ്രിയോരിറ്റിയില്‍ ഉള്‍പ്പെടുത്തി രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരം കാണും.
ഈ പദ്ധതിയനുസരിച്ച് ഒരു പരാതി ലഭിച്ചാല്‍ അതാതു കോണ്‍സലേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണ് അത് കൈമാറുക. നിശ്ചിത സമയത്തിനുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ തൊട്ടു മുകളിലുള്ള ആള്‍ക്കും തുടര്‍ന്നും നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത ഉന്നത ഉദ്യോഗസ്ഥനും പരാതി കൈമാറും. ഇങ്ങനെ നടപടിയുണ്ടാകാത്ത പരാതി അംബാസഡറുടെ മുന്നിലോ ഹൈക്കമ്മീഷണറുടെ മുന്നിലോ വരെ എത്തും. എംബസി ഉദ്യോഗസ്ഥര്‍ പരാതിയില്‍ മേല്‍ ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ കാണിച്ചാല്‍ അത് വെബ്‌സൈറ്റില്‍ ചുവന്ന മാര്‍ക്കായി രേഖപ്പെടുത്തുകയും ചെയ്യും.
വിദേശകാര്യ മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല