പ്രവാസികളായ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പാസ്‌പോര്‍ട്ടിലെ മേല്‍വിലാസമുള്ള മണ്ഡലങ്ങളില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന പ്രവാസിവോട്ട് നിയമം വ്യാഴാഴ്ച പ്രാബല്യത്തില്‍വന്നു.
വിദേശത്തുള്ളവര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തി ഇതിനായി അപേക്ഷ നല്‍കാം.നേരത്തെ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍, അതത് ‘എംബസികള്‍ സാക്ഷ്യപ്പെടുത്തുന്ന പാസ്‌പോര്‍ട്ടാണ്’ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതെന്ന നിബന്ധനയുണ്ടായിരുന്നു.
എന്നാല്‍ എംബസികളില്‍ പാസ്‌പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടും കാലതാമസവും വരുത്തുമെന്ന ആശങ്ക ഉയര്‍ന്നു.
പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമായെങ്കിലും ചട്ടങ്ങള്‍ തന്നെ നിരാശനാക്കുന്നുവെന്നു പറഞ്ഞ പ്രവാസികാര്യമന്ത്രി വയലാര്‍ രവിയാണ് ഭേദഗതിക്കു മുന്‍കയ്യെടുത്തത്. നിയമമന്ത്രി എം. വീരപ്പ മൊയ്‌ലിയുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകളിലാണു ഭേദഗതി നിര്‍ദേശം രൂപപ്പെട്ടത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്മുമ്പ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ക്ക് നാട്ടിലെത്തി വോട്ട് ചെയ്യാനാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷവും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനാകും. പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസത്തിന് മുമ്പ് അപേക്ഷയും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും തഹസില്‍ദാര്‍ക്ക് ലഭിച്ചിരിക്കണം.
അസല്‍ പാസ്‌പോര്‍ട്ടില്ലാതെ വോട്ടുചെയ്യാന്‍ കഴിയില്ലെന്നതുകൊണ്ടു കള്ളവോട്ടുണ്ടാവില്ലെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, രേഖകളുടെ വിശ്വസനീയത ഉറപ്പാക്കാന്‍ സ്ഥാനപതികാര്യാലയത്തിലെ ഉദ്യോഗസ്ഥന്‍തന്നെ സാക്ഷ്യപ്പെടുത്തണമെന്ന വാദമാണു തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉന്നയിച്ചുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല