1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2019

സജീഷ് ടോം (യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഇ മാഗസിനായ ‘ജ്വാല’ യുടെ പുതിയ എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ കാലയളവിലെ മികവുറ്റ പ്രവര്‍ത്തനത്തിന്റെ അംഗീകാരമായി ചീഫ് എഡിറ്ററായി റെജി നന്തികാട്ട് തുടരുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മാനേജിംഗ് എഡിറ്ററായും ജോര്‍ജ്ജ് അരങ്ങാശ്ശേരി, റോയ് സി ജെ, മോനി ഷിജോ, നിമിഷ ബേസില്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി ആയിരിക്കും 2019 2021 വര്‍ഷങ്ങളിലെ ‘ജ്വാല’ യുടെ സാരഥികള്‍.

2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘ജ്വാല’ കഴിഞ്ഞ നാലര വര്‍ഷങ്ങള്‍ കൊണ്ട് യു കെ യുടെ അതിര്‍ത്തികള്‍ കടന്ന് ലോക പ്രവാസി മലയാളികള്‍ക്ക് ആകെ പ്രിയങ്കരമായി തീര്‍ന്നു കഴിഞ്ഞു. ഈ കാലയളവില്‍ അന്‍പത് പതിപ്പുകള്‍ പുറത്തിറക്കിക്കൊണ്ട് പ്രസിദ്ധീകരണ രംഗത്തു ഒരു നാഴികക്കല്ല് കുറിക്കാനും ജ്വാലക്ക് കഴിഞ്ഞു. 201519 കാലയളവിലെ ജ്വാല ചീഫ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ട്, നാല്പത്തിമൂന്ന് പതിപ്പുകളുടെയും പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കിയത് റെജി നന്തികാട്ട് തന്നെയായിരുന്നു. മാധ്യമ പ്രവര്‍ത്തന രംഗത്തു നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള റെജിയുടെ നേതൃത്വം ‘ജ്വാല’യെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നതിന് സംശയമില്ല. യുക്മ ഈസ്റ്റ് ആഗ്ലിയ റീജിയണല്‍ പി ആര്‍ ഒ കൂടിയാണു റെജി നന്തികാട്ട്.

യുക്മന്യൂസിന്റെ അസ്സോസിയേറ്റ് എഡിറ്ററായി തുടര്‍ച്ചയായ നാല് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് ജ്വാല ഇമാഗസിന്‍ മാനേജിംഗ് എഡിറ്റര്‍ പദത്തിലേക്കെത്തുന്നത്. കഴിഞ്ഞ ഭരണ സമിതിയില്‍ യുക്മ ദേശീയ ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന അലക്‌സ് യുക്മയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രൈം ഇവന്റ് ആയ യുക്മ ഫാമിലി ഫെസ്റ്റിന്റെ വിജയ ശില്പി എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായ വ്യക്തികൂടിയാണ്.

യു കെ യിലെ മലയാളി എഴുത്തുകാരില്‍ വേറിട്ട രചനാ ശൈലിയിലൂടെ വായനക്കാരുടെ ശ്രദ്ധ നേടിയ ജോര്‍ജ്ജ് അറങ്ങാശ്ശേരി സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഡീനില്‍ താമസിക്കുന്നു. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരങ്ങളില്‍ സ്ഥിരമായി കഥകളും കവിതകളും എഴുതാറുള്ള ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ രണ്ടു കൃതികള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജ്വാല ഇമാഗസിന്റെ കഴിഞ്ഞ എഡിറ്റോറിയല്‍ ബോര്‍ഡിലും ഇദ്ദേഹം അംഗമായിരുന്നു.

കേംബ്രിഡ്ജിനടുത്തുള്ള പാപ്‌വര്‍ത്തില്‍ താമസിക്കുന്ന പാലാ സ്വദേശിയായ റോയ് സി ജെ കേരളത്തില്‍ ചിത്രകലാ അധ്യാപകനായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകളും ചിത്രങ്ങളും ചിത്രകഥകളും വരച്ചുകൊണ്ടാണ് വരയുടെ ലോകത്തേക്കു കടന്നുവന്നത്. കേരളത്തിലെ അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ സാഹിത്യമത്സരങ്ങളില്‍ മൂന്ന് പ്രാവശ്യം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ തനതായ ശൈലിയില്‍ റോയ് പങ്കുവക്കുന്ന കാര്‍ട്ടൂണുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റുന്നവയാണ്.

യു കെ മലയാളികള്‍ക്കിടയില്‍ മലയാളിത്തമുള്ള നല്ലൊരു അവതാരകയായി അറിയപ്പെടുന്ന മോനി ഷിജോ ബര്‍മിംഗ്ഹാമിലെ എര്‍ഡിങ്ങ്ടണില്‍ ആണ് താമസിക്കുന്നത്. യുക്മ നേഴ്‌സസ് ഫോറം മുന്‍ ദേശീയ ജോയിന്റ് സെക്രട്ടറികൂടിയായ മോനി രചിച്ചിട്ടുള്ള ഹൈന്ദവ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ വളരെയധികം അനുവാചക ശ്രദ്ധ നേടിയവ ആയിരുന്നു. ഏറെ ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള നിരവധി കവിതകളും സോഷ്യല്‍ മീഡിയകളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ പൂന്തോട്ടമെന്നറിയപ്പെടുന്ന കെന്റിനടുത്തുള്ള ടണ്‍ബ്രിഡ്ജില്‍ നിന്നുള്ള നിമിഷ ബേസില്‍ മനോഹരമായ കവിതകള്‍ രചിക്കുന്നതുപോലെതന്നെ നന്നായി കവിത ചൊല്ലുന്നതിലും മികവ് തെളിയിച്ചിട്ടുള്ള പ്രതിഭയാണ്. യുക്മ സാംസ്‌ക്കാരികവേദിയുടെ സാഹിത്യ മത്സരങ്ങളിലും ലണ്ടന്‍ സാഹിത്യവേദി സംഘടിപ്പിച്ചിട്ടുള്ള മത്സരങ്ങളിലും കവിതാരചനയില്‍ നിരവധി തവണ സമ്മാനാര്‍ഹ ആയിട്ടുണ്ട് നിമിഷ.

യു കെ യിലെ മലയാളികളായ സാഹിത്യകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും തൂലികയില്‍ നിന്നും ഉരുത്തിരിയുന്ന രചനകള്‍ വായനക്കാരില്‍ എത്തിക്കുക എന്നതിനൊപ്പം, ലോക മലയാളി സമൂഹത്തിലെ ശ്രദ്ധേയരായ സാഹിത്യകാരുടെ രചനകള്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുവാനും ‘ജ്വാല’ പ്രത്യേകം ശ്രദ്ധിക്കുന്നു. എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്ന പ്രതിഭകള്‍ക്ക് അവസരം ഒരുക്കിക്കൊണ്ട് ലോക പ്രവാസി മലയാളികള്‍ക്ക് അക്ഷര വിരുന്നൊരുക്കാന്‍ റെജി നന്തിക്കാട്ടിന്റെ മേല്‍നോട്ടത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡിനു സാധിക്കട്ടെ എന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി ആശംസിച്ചു. ‘ജ്വാല’യുടെ അന്‍പത്തിയൊന്നാം ലക്കം മെയ് പതിനഞ്ചാം തീയതി പ്രകാശനം ചെയ്യപ്പെടും. തുടര്‍ന്നുള്ള ലക്കങ്ങളും എല്ലാ മാസവും പതിനഞ്ചാം തീയതി തന്നെ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

Sajish Tom
UUKMA National PRO & Media Coordinator

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.