1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2012

പ്രവാസി ഇന്ത്യാക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് സേവനനികുതി ഏര്‍പ്പെടുത്താനുളള തീരുമാനം പിന്‍വലിക്കണമെന്ന് ജോസ് കെ. മാണി എം.പി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം നിവേദനം നല്‍കി.

പ്രവാസികള്‍ അയക്കുന്ന തുകയ്ക്കുളള ബാങ്ക് ചാര്‍ജ് അല്ലെങ്കില്‍ സര്‍വീസ് ചാര്‍ജിന്റെ 12.36 ശതമാനം നികുതിയായി ഈടാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം. പണമയക്കുന്നയാള്‍ നികുതിയടച്ചില്ലെങ്കില്‍ നികുതി പിടിച്ച ശേഷമുളള തുകയാണ് കൈപ്പറ്റുന്നയാള്‍ക്ക് നല്‍കുക. നികുതി വരുമാനം വര്‍ധിപ്പിക്കാനുളള കേന്ദ്ര നടപടികളുടെ ഭാഗമായയാണ് പ്രവാസികളില്‍ നിന്ന് നികുതി ഈടാക്കാനുളള പുതിയ തീരുമാനം.

കേരളത്തിലെ ഒട്ടേറെപ്പേര്‍ വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നതിനാല്‍ മലയാളികളെയാണ് ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുകയെന്ന് ജോസ് കെ.മാണി പറഞ്ഞു. വര്‍ഷത്തില്‍ ശരാശരി 6500 കോടി ഡോളര്‍(3.7 ലക്ഷം കോടി രൂപ) വിദേശ ഇന്ത്യാക്കാര്‍ നാട്ടിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനമാണ് ഈ തുക.

കേരളത്തില്‍ ജിഡിപിയുടെ 31 ശതമാനം പ്രവാസി മലയാളികളുടെ സംഭാവനയായതിനാല്‍ ഈ തീരുമാനം കേരള സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. പ്രവാസികാര്യ വകുപ്പിന്റെ കണക്കനുസരിച്ച് വിദേശ ഇന്ത്യാക്കാര്‍ അയയ്ക്കുന്ന തുകയില്‍ 61 ശതമാനവും വീട്ടാവശ്യങ്ങള്‍ക്കായാണ് അയക്കുന്നത്. അതുകൊണ്ടു തന്നെ പ്രവാസി ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് ഈ നികുതി തീരുമാനം.

ബാങ്കുകളും മറ്റ് ധനകാര്യ ഏജന്‍സികളും വഴി പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്തുമ്പോള്‍ ഹവാല ഒഴുക്ക് വര്‍ധിക്കും. അതിനാല്‍ പ്രവാസികള്‍ അയക്കുന്ന തുകയ്ക്ക് നികുതി ഏര്‍പ്പെടുത്താനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് ജോസ് കെ. മാണി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.