1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2018

Alex Varghese (മാഞ്ചസ്റ്റര്‍): വിഖ്യാതമായ മാഞ്ചസ്റ്റര്‍ തിരുന്നാളിനായി നഗരം ഒരുങ്ങിക്കഴിഞ്ഞു. തിരുന്നാളാഘോഷങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. നാടൊന്നിച്ച് നാട്ടുകാരൊന്നിച്ച് തിരുന്നാളിനായി അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ ആഘോഷങ്ങളുടെ ഭാഗമായി ഫാ. വില്‍സന്‍ മേച്ചേരിയും ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജും നയിക്കുന്ന ഗാനമേള ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വിഥിന്‍ഷോ ഫോറം സെന്ററിന്റെ അരങ്ങിലെത്തും. വില്‍സനച്ചന്റെയും മനോജിന്റെയും നേതൃത്വത്തില്‍ മുഴുവന്‍ ഓര്‍ക്കസ്ട്ര ടീമംഗങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രാക്ടീസ് നടത്തി. വില്‍സനച്ചന്റെ മധുര ഗാംഭീര ശബ്ദത്തിനും, മനോജ് ജോര്‍ജിന്റെ വയലിനിലെ മാസ്മരിക പ്രകടനത്തിനും അകമ്പടിയായി നൃത്തച്ചുവടുമായി മാഞ്ചസ്റ്ററിലെ കലാകാരന്‍മാരും അണിനിരക്കുമ്പോള്‍ കാണികള്‍ക്ക് ഉജ്ജ്വലമായ നാദലയവിസ്മയമായ ഒരു കലാവിരുന്ന് 

ആസ്വദിക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ന് വൈകുന്നേരം 5 മണിക്കാണ് ഗാനമേള ആരംഭിക്കുന്നത്. 4 മണി മുതല്‍ പ്രവേശനം അനുവദിക്കും. പരിപാടി കാണുവാന്‍ എത്തുന്ന എല്ലാവരും ടിക്കറ്റ് കൂടെ കരുതണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. ടിക്കറ്റുകളുടെ കൗണ്ടര്‍ ഫോയില്‍ നറുക്കെടുത്ത് വിജയികള്‍ക്ക് ടാബ് ലറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. കൂടാതെ മറ്റൊരു റാഫിള്‍ നറുക്കെടുപ്പിലൂടെ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ പത്തില്‍പരം സമ്മാനങ്ങള്‍ വേറെയും വിജയികള്‍ക്ക് ലഭിക്കും.

ഫാ. വില്‍സന്‍ മേച്ചേരിക്കൊപ്പം യുകെയില്‍ നിന്നും ഗായിക അഷീറ്റാ സേവ്യര്‍, മുകേഷ് കണ്ണന്‍ (കീ ബോര്‍ഡ്), ജോയി ഡ്രംസ്, സിജോ ജോസ് (പിയാനോ), ചാള്‍സ് (ബാസ് ഗിത്താര്‍), സന്ദീപ് (തബല) തുടങ്ങിയ എട്ടോളം കലാകാരന്‍മാരുള്‍പ്പെടുന്ന ഓര്‍ക്കസ്ട്രയുടെ സഹായത്തോടെയാണ് ഗാനമേള വേദിയില്‍ എത്തുന്നത്. അത്യാധുനിക ഡിജിറ്റല്‍ ശബ്ദസംവിധാനം ഒരുക്കുന്നത് ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും, സോജന്‍ എരുമേലിയുമൊന്നിച്ചാണ്. സ്റ്റേജ് പൂര്‍ണ്ണമായും എല്‍ ഇ ഡി സ്‌ക്രീന്‍ വച്ച് ലൈവ് കവറേജ് ഒരുക്കിയിട്ടുണ്ട്. അങ്ങനെ എല്ലാം കൊണ്ടും ഒരു മികച്ച ദ്യശ്യ സ്രാവ്യ വിരുന്നായിരിക്കും ഫോറം സെന്റററില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

ഫോറം സെന്ററില്‍ ഫുഡ് കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്. സജിത്ത് തോമസ്, ജിനോ ജോസഫ് എന്നിവര്‍ നേതൃത്വം കൊടുക്കുന്ന കമ്മിറ്റി മിതമായ നിരക്കില്‍ പലതരം വിഭവങ്ങള്‍ ഫുഡ് സ്റ്റാളിലൂടെ ലഭ്യമാക്കും. ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ടെങ്കിലും ബാക്കിയുള്ള കുറച്ച് ടിക്കറ്റുകള്‍ ഗാനമേള നടക്കുന്ന ദിവസം ഫോറം സെന്ററിലെ കൗണ്ടര്‍ വഴി ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് ശനിയാഴ്ച രാവിലെ 10 ന് സെന്റ്. ആന്റണീസ് ഇടവക വികാരി റവ.ഫാ. നിക്ക് കേന്‍ ഇംഗ്ലീഷില്‍ ദിവ്യബലിയര്‍പ്പിക്കും. മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്. 

പ്രധാന തിരുനാള്‍ ദിവസമായ നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ അത്യാഘോഷപൂര്‍വ്വമായ തിരുനാള്‍ ദിവ്യബലിക്ക് ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ മുഖ്യ കാര്‍മ്മികനാകും. ദിവ്യബലിക്ക് ശേഷം പ്രശസ്തമായ മാഞ്ചസ്റ്റര്‍ തിരുനാളിന്റെ മുഖ്യ ആകര്‍ഷണമായ ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ക്കൊപ്പം പൊന്‍ വെള്ളിക്കുരിശുകളും, ഐറിഷ് ബാന്റ്, ചെണ്ടമേളം, വിശുദ്ധരുടെ ഫ്‌ലക്‌സുകള്‍, വിവിധ നിറത്തിലുള്ള കൊടികള്‍, മുത്തുക്കുടകള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കും.

മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന പ്രദക്ഷിണത്തില്‍ പങ്കുകൊള്ളുവാനും കാണുവാനുമായി നാനാജാതി മതസ്ഥരായവരും, ഇംഗ്ലീഷുകാരും ധാരാളമായി എത്തിച്ചേരാറുണ്ട്. പോലീസ് റോഡുകളില്‍ വാഹനം നിയന്ത്രിച്ചാണ് പ്രദക്ഷിണത്തിന് വഴിയൊരുക്കുന്നത്.

പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം കുര്‍ബാനയുടെ വാഴ്‌വ്, ലദീഞ്ഞ് സമാപനാ ആശീര്‍വാദം എന്നി ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുനതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് പാച്ചോര്‍ വിതരണവും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. യു കെയില്‍ ആദ്യമായി സീറോ മലബാര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിലായിരുന്നു.

‘യു കെയിലെ മലയാറ്റൂര്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഏറ്റവും പുരാതനവും പ്രശസ്തവുമായ മാഞ്ചസ്റ്റര്‍ തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനായി നാടിന്റെ നിവിധ ഭാഗങ്ങളില്‍ നിന്നും നാനാജാതി മതസ്ഥരായ ആയിരങ്ങള്‍ എല്ലാവര്‍ഷവും ഒത്ത് ചേരാറുണ്ട്. തിരുന്നാളില്‍ സംബന്ധിക്കാനെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതുള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ടിങ്കിള്‍ ഈപ്പന്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ തിരുന്നാളാഘോഷകള്‍ക്ക് നേതൃത്വം കൊടുക്കുന്നു. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജു ആന്റണി O7809295451,
സുനില്‍ കോച്ചേരി O7414842481,
ടിങ്കിള്‍ ഈപ്പന്‍ 07988428996

ദേവാലയത്തിന്റെ വിലാസം:

ST. ANT0NYS CHURCH,
65 DUNKERY ROAD,
WYTHENSHAWE,
M22 OWR.

ഗാനമേള നടക്കുന്ന ഹാളിന്റെ വിലാസം:

FORUM CENTRE,
SIMONS WAY,
WYTHENSHAWE,
M22 5 RX.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.