ഐക്യരാഷ്‌ട്രസഭയുടെ സമ്മേളനത്തില്‍ പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രിയുടെ പ്രസംഗം മാറിവായിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്എം. കൃഷ്ണ പരിഹാസ്യനായി. രക്ഷാസമിതി സ്ഥിരാംഗത്വമടക്കം ഇന്ത്യന്‍ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പോയ വിദേശകാര്യമന്ത്രി ഉയര്‍ത്തിയതെല്ലാം പോര്‍ച്ചുഗീസ് ആവശ്യങ്ങള്‍. അംഗങ്ങള്‍ സ്തംബ്‌ധരായിരിക്കേ അഞ്ചുമിനിറ്റ് നേരം കൃഷ്ണ പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രിയുടെ പ്രസംഗ വായന തുടര്‍ന്നു.
‘പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന രണ്ടുരാജ്യങ്ങളായ ബ്രസീലും പോര്‍ച്ചുഗലും ഇവിടെയുണ്ടെന്നതില്‍ എനിക്ക് ഏറെ സംതൃപ്തി ഉണ്ടെന്ന് വ്യക്തിപരമായി ഞാന്‍ പറയട്ടെ’ എന്ന് കൃഷ്ണ വായിച്ചതോടെയാണ് എവിടെയോ പിശക് പറ്റിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗമായ ഹര്‍ദീപ് പുരിക്ക് മനസിലായത്. പുരി ഉടന്‍ ചാടിവീണ് പ്രസംഗം നിര്‍ത്തിക്കുകയായിരുന്നു.
തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൃഷ്ണയുടെ കയ്യില്‍ ഉണ്ടായിരുന്നത് പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി ലൂയി അമാദോയുടെ പ്രസംഗം. കൃഷ്ണ പ്രസംഗിക്കാന്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് അമാദോ ഈ പ്രസംഗം വായിച്ചിരുന്നു. തുടര്‍ന്നു കൃഷ്ണ പ്രസംഗം മാറ്റി വായിച്ചു തടിതപ്പി.
ഇത് ആദ്യമായല്ല കൃഷ്ണയ്ക്ക് അബദ്ധം പിണയുന്നത്. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നപ്പോള്‍ കൃഷ്ണ വായിച്ചത് പ്രസംഗത്തില്‍ എന്തൊക്കെ ഉള്‍ക്കൊള്ളിക്കണം എന്നതിനെ പറ്റി കൃഷ്ണയുടെ പേഴ്സണല്‍ അസിസ്റ്റന്റ് തയ്യാറാക്കിയ കുറിപ്പായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴും കൃഷ്ണ ഇത്തരമൊരു കുറിപ്പ് വായിച്ച് വിവാദം ഉണ്ടാക്കിയിരുന്നു.
എന്തായാലും, കൃഷ്ണയുടെ അശ്രദ്ധ പരമാവധി മുതലാക്കാന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം. ആരെങ്കിലും എഴുതിക്കൊടുക്കുന്ന പ്രസംഗം പാവ പോലെ നിന്ന് വായിച്ചാല്‍ മത്രിയാകില്ല എന്നും ഇത്തരത്തിലുള്ള അശ്രദ്ധ ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിക്കും എന്നുമാണ് പ്രതിപക്ഷം പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല