തനിക്കെതിരായി ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ നടത്തുന്ന ആക്രമണം ആയുധ ലോബിയുടെ ഗൂഡാലോചനയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വികെ സിംഗ് ആരോപിച്ചു. ഇത് സംബന്ധിച്ച് താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി.
താന്‍ സൈനിക മേധാവി ആയിരിക്കെ ആയുധ ലോബികള്‍ക്ക് കീഴടങ്ങിയിരുന്നില്ലെന്നും അതിന്റെ പ്രതികാരമായാണ് ഇപ്പോള്‍ ചില മാദ്ധ്യമങ്ങളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്ന് സിംഗ് ആരോപിച്ചു. എനിക്കെതിരെ വാര്‍ത്ത നല്‍കാന്‍ ചില മാദ്ധ്യമ പ്രവര്‍ത്തകരെ അവര്‍ പണം കൊടുത്ത് വശത്താക്കിയിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.
തനിക്കെതിരെ ആയുധ ലോബി ഇപ്പോഴും സജീവമാണെന്ന് പറഞ്ഞ വികെ സിംഗ്, കാര്യങ്ങള്‍ പ്രധാനമന്ത്രിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. മാര്‍ച്ച 23 നു പാകിസ്ഥാന്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമ പ്രവര്‍ത്തകരെ ‘പ്രസ്റ്റിറ്റിയൂട്ട്‌സ്’ എന്നു വിശേഷിപ്പിച്ച സിംഗ് പിന്നീട് ക്ഷമ ചോദിച്ചിരുന്നു. എല്ലാ മാദ്ധ്യമ പ്രവര്‍ത്തകരെയും ഉദ്ദേശിച്ചല്ല ആ വാക്ക് ഉപയോഗിച്ചതെന്നും എന്നാല്‍, മാദ്ധ്യമ പ്രവര്‍ത്തകരിലെ 10% ആളുകള്‍ ആ വിളിക്ക് അര്‍ഹരാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല