പ്രാചീന ബ്രിട്ടീഷുകാര്‍ നരഭോജികളായിരുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ഗവേഷണ സംഘമാണ് 14,700 വര്‍ഷം പഴക്കമുള്ള മൂന്നു മൃതദേഹാവശിഷ്ടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നും ഈ നിഗമനത്തിലെത്തിയത്.
മനുഷ്യമാംസം ഭക്ഷിക്കുന്നതിന് പുറമേ ഇരയുടെ തലയോട്ടി ഉപയോഗിച്ച് പാത്രങ്ങളും കപ്പുകളും ഉണ്ടാക്കുന്നതും പ്രാചീന ബ്രിട്ടീഷുകാരുടെ പതിവായിരുന്നുവെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ശരീരങ്ങളില്‍ നിന്നു പരമാവധി മാംസം കൃത്യതയോടെ മുറിച്ചിരിക്കുന്നതാണ് ഭക്ഷണത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്നു വ്യക്തമാക്കുന്നതെന്ന് ഗവേഷക സംഘം പറയുന്നതായി ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷണത്തിനും ശത്രുക്കളെ നശിപ്പിക്കുന്നതിനും ഒരുപോലെ സഹായകരമാണ് എന്നതിനാലാണ് പ്രാചീന ബ്രിട്ടീഷുകാര്‍ നരഭോജികളായിത്തീര്‍ന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
വീഞ്ഞോ രക്തമോ കുടിക്കാന്‍ വേണ്ടി തലയോട്ടി ഉപയോഗിച്ചു കപ്പുകളുണ്ടാക്കിയിരിക്കുന്നതും അതിവിദഗ്ധമായിട്ടായിരുന്നു. ഈയിനത്തില്‍ ലോകത്തിലുള്ള ഏറ്റവും പഴക്കമേറിയ തലയോട്ടിപ്പാത്രങ്ങളാണ് ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഠനവിധേയമാക്കിയ മൂന്നു മൃതദേഹാവശിഷ്ടങ്ങളില്‍ ഒന്ന് കുട്ടിയുടേതാണ്. ഫ്രാന്‍സില്‍നിന്നു വന്ന ഗുഹാമനുഷ്യരായിരുന്നു അന്നു ബ്രിട്ടനില്‍ കുടിയേറിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല