ചെന്നൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി പേസര്‍ ശാന്തകുമാരന്‍ ശ്രീശാന്ത് ഇടം നേടി. പേസര്‍ പ്രവീണ്‍ കുമാറിനേറ്റ പരിക്കാണ് ശ്രീശാന്തിന് ടീമിലേക്കുള്ള തിരിച്ചുവരവൊരുക്കിയത്. നിലവിലെ സ്ഥിതിയില്‍ അവസാന പതിനൊന്നുപേരില്‍ ശ്രീ ഇടംപിടിക്കുമെന്നു തന്നെയാണ് സൂചന.
കഴിഞ്ഞദിവസം പ്രവീണ്‍ കുമാറും ശ്രീശാന്തും ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശോധന നടത്തിയിരുന്നു. കാലിനേറ്റ പരിക്കാണ് പ്രവീണ്‍ കുമാറിന് വിനയായത്. കഴിഞ്ഞദിവസം നടന്ന പരിശീലനത്തില്‍ ശ്രീശാന്ത് ഫിറ്റ്‌നസ് തെളിയിച്ചിരുന്നു.
പ്രവീണ്‍ കുമാര്‍ പരിക്കേറ്റു പിന്‍മാറുകയാണെങ്കില്‍ കര്‍ണാടക പേസര്‍ വിനയ് കുമാറിനെ പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ടീം മാനേജ്‌മെന്റ് വിനയ് കുമാറിന്റെ പേര് നിര്‍ദേശിച്ചതായും സൂചനയുണ്ടായിരുന്നു. എന്നാല്‍ ക്രിസ് ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ ശ്രീശാന്തിന് പിന്തുണ നല്‍കുകയായിരുന്നു.
ലോകകപ്പിനുള്ള ടീമില്‍ നിന്നും ശ്രീശാന്ത് പുറത്താക്കപ്പെട്ടത് ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ക്കിടയില്‍ ആശ്ചര്യമുളവാക്കിയിരുന്നു. ക്യാപ്റ്റന്‍ ധോണിയുമായുള്ള ചേര്‍ച്ചയില്ലായ്മയും മുനാഫ് പട്ടേലിനോടുള്ള അമിതവാല്‍സല്യവുമാണ് ശ്രീശാന്തിന് അവസരം നിഷേധിച്ചത്.
ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടത് ഹൃദയഭേദകമാണെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രീശാന്തിന് ഇനിയും അവസരമുണ്ടെന്നായിരുന്നു ക്യാപ്റ്റന്‍ ധോണിയും മുഖ്യസിലകടര്‍ ശ്രീകാന്തും പ്രതികരിച്ചത്. ഇതിനിടയിലാണ് പ്രവീണ്‍ കുമാറിന് പരിക്കേല്‍ക്കുന്നതും ശ്രീ ടീമിലേക്ക് മടങ്ങിയെത്തുന്നതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല