മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു. മുകേഷും ഒപ്പമുണ്ടാകും. ‘അറബിയും ഒട്ടകവും പി. മാധവന്‍നായരും’ എന്നാണ് ചിത്രത്തിന്റെ പേര്. ഉറുമിക്ക് ശേഷം മലയാളി ബോളിവുഡ് താരം വിദ്യാബാലന്‍ നായികയാകുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീനിവാസനും ചിത്രത്തിലുണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഭാവന, ലക്ഷ്മിറായ് എന്നിവരാണ് മറ്റ് നായികമാര്‍. കോമഡി ട്രാക്കില്‍ കഥ പറയാനാണ് പ്രിയന്റെ പദ്ധതി. ദുബായ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ പ്രിയന്‍ തന്നെയാകുമെന്നാണ് റിപ്പോര്‍ട്ട്. ‘തേസ്’ എന്ന മള്‍ട്ടിസ്റ്റാര്‍ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാലുടന്‍ ‘അറബിയും ഒട്ടകവും മാധവന്‍നായരും’ അണിയറയില്‍ ഒരുങ്ങും.
കിലുക്കം പോലുള്ള മലയാളത്തിലെ സര്‍വകാല ഹിറ്റുകള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് പ്രിയന്‍-ലാല്‍ ജോഡിയെങ്കിലും അവസാനം പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴം, കാക്കക്കുയില്‍ പോലുള്ള ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം കണ്ടിരുന്നില്ല. പിന്നീട് ദിലീപിനെ നായകനാക്കി പ്രിയനൊരുക്കിയ വെട്ടവും വിജയം നേടിയില്ല. അറബിയും ഒട്ടകവും മാധവന്‍നായരും സംഘവും പഴയ സല്‍പ്പേര് തിരിച്ച് തരുമെന്നാണ് പ്രിയദര്‍ശന്റെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല