1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2011

ഹവാന: കമ്മ്യൂണിസ്റ്റ് വിപ്ലവചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രം ഫിഡല്‍ കാസ്‌ട്രോ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും വിടവാങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് ഫിഡല്‍ കാസ്‌ട്രോ വ്യക്തമാക്കി.

പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയില്‍ ഇനിയുണ്ടാവില്ലെന്നും ഇക്കാര്യം നിലവിലെ പ്രസിഡന്റും സഹോദരനുമായ റൗള്‍ കാസ്‌ട്രോയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഫിഡല്‍ പറഞ്ഞു. റൗള്‍ കൊണ്ടുവന്ന മാറ്റങ്ങളെ അംഗീകരിക്കുന്നുവെന്നും പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോകാന്‍ പ്രവര്‍ത്തകര്‍ ആര്‍ജ്ജവം കാട്ടണമെന്നും കാസ്‌ട്രോ ആഹ്വാനം ചെയ്തു.

ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് 2006ല്‍ തന്നെ കാസ്‌ട്രോ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തുനിന്നും സ്ഥാനമൊഴിഞ്ഞിരുന്നു. തുടര്‍ന്ന് റൗള്‍ അധികാരമേറ്റെടുക്കുകയായിരുന്നു. എന്നാല്‍ പരിഷ്‌ക്കാരണങ്ങളിലേക്കുള്ള മാറ്റം റൗളിന്റെ ഭരണത്തിന്‍ കീഴില്‍ വ്യക്തമായിരുന്നു.

പരിഷ്‌ക്കരണ നടപടികള്‍ വ്യക്തമാക്കി റൗള്‍
1959നു ശേഷം ഇതാദ്യമായി ക്യൂബയിലെ ജനങ്ങള്‍ക്ക് സ്വകാര്യസ്വത്തിന് അനുമതി നല്‍കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.

കഴിഞ്ഞ അമ്പത് വര്‍ഷമായി ക്യൂബന്‍പൗരന്‍മാര്‍ക്ക് സ്വത്തുക്കളും വീടും തങ്ങളുടെ മക്കള്‍ക്ക് നല്‍കാന്‍ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. നേരത്തേ കൂടുതല്‍ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരാന്‍ ക്യൂബ തീരുമാനിച്ചിരുന്നു. സമയബന്ധിതമായ പരിഷ്‌ക്കരണം വേണമെന്നാണ് റൗള്‍ വ്യക്തമാക്കിയത്. ഭരണാധികാരികളുടെ കാലാവധി പത്തുവര്‍ഷമായി ചുരുക്കണമെന്നതും പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങളില്‍ പെടുന്നു.

പാര്‍ട്ടി നേതൃത്വം സ്വയം വിമര്‍ശനം നടത്താന്‍ തയ്യാറാകണമെന്നും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും രാജ്യപുരോഗതിക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും റൗള്‍ കാസ്‌ട്രോ വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക രംഗത്തും സമൂലമാറ്റം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റൗള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമ്പത്തിക രംഗത്ത് കൂടുതല്‍ സ്വാകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.



നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.