ഫീസ് നൽകിയില്ല എന്നാരോപിച്ചു 250 ഓളം കുട്ടികളെ സ്കൂൾ മുറിയിൽ പൂട്ടിയിട്ടു. കോഴിക്കോട് പുതിയറയിലെ ഹിൽടോപ്പ് പബ്ലിക് സ്കൂളിലാണ് സംഭവം.
കുട്ടികൾക്ക് വെള്ളം പോലും നൽകിയില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പൂട്ടിയിട്ടതിനെ തുടർന്ന് മൂന്നാം ക്ലാസുകാരിയയ വിദ്യാർഥിനി ബോധം കെട്ടുവീണു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സ്കൂളിലെത്തിയ ചില രക്ഷിതാക്കൾ സ്കൂളിനോട് ചേർന്നുള്ള ഒരു ഹാളിൽ കുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നേരത്തെ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള മാനേജ്മെനിന്റെ ശ്രമത്തിനെതിരെ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു.
അതിന്റെ ഭാഗമായാണ് ഫീസ് അടക്കാതിരുന്നതെന്നും എന്നാൽ കുട്ടികളെ പൂട്ടിയിടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. കഴിഞ്ഞ മാസം 12 ന് സ്കൂൾ അടച്ചുപൂട്ടുകയാണെന്ന് മാനേജ്മെന്റ് നോട്ടീസ് നൽകിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
സ്കൂൾ മാറ്റുന്നത് കച്ചവട താത്പര്യമാണെന്ന് ആരോപിച്ച രക്ഷിതാക്കൾ സ്കൂൾ അധികൃതർക്കെതിരെ പോലീസിൽ പരാതി നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല