ക്രിസ്മസ് അവധി കഴിഞ്ഞു. വീണ്ടും കാമ്പസുകള്‍ സജീവമാവുകയാണ്. പക്ഷേ, കാമ്പസിന്റെ നെഞ്ചില്‍ തീകോരിയിടുന്നത് ട്യൂഷന് ഫീ വര്‍ദ്ധന എന്ന ദുര്‍ഭൂതമാണ്. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ വര്‍ഷം 9000 പൗണ്ട് വരെ ട്യൂഷന് ഫീ ഇനത്തില്‍ മാത്രം ചെലവിടണം. മൂന്നു വര്‍ഷത്തെ കോഴ്സ് കഴിഞ്ഞിറങ്ങുമ്പോള്‍ ചെലവ് 27,000 പൗണ്ട്! 30 വര്‍ഷത്തേയ്ക്ക് ഒരു വിദ്യാര്‍ത്ഥിയെ കടക്കാരനാക്കാന്‍ പര്യാപ്തമാണ് ഫീ വര്‍ദ്ധനയെന്നാണ് സ്റ്റുഡന്റ്സ് ലോണ്‍ ഗൈഡുകള്‍ പറയുന്നത്.
യൂണിവേഴ്സിറ്റി ഫീ വര്‍ദ്ധന എപ്രകാരമായിരിക്കും. എല്ലാ യൂണിവേഴ്സിറ്റികളും ഒറ്റയടിക്ക് ഫീ ഉയര്‍ത്തുമോ? ഫീസ് വര്‍ദ്ധയുടെ അധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത യാഥാര്‍ത്ഥ്യങ്ങളിലേക്ക്…
യഥാര്‍ത്ഥത്തില്‍ ഫീ എത്രയാവും?
മിക്ക സര്‍വകലാശാലകളും 6000 പൗണ്ടിനടുത്ത് ഫീ നിരക്കു നിര്‍ത്താനാണ് ആലോചിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ മാത്രമേ 9000 പൗണ്ടിലേക്ക് പോകാനിടുയള്ളൂ. ആരും 9000 പൗണ്ട് ഫീ ചുമത്തുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. മാത്രമല്ല, യൂണിവേഴ്സിറ്റികള്‍ തമ്മിലുള്ള മത്സരം ഫീ നിരക്ക് താഴ്ത്താന്‍ ഇടയാക്കിയേക്കും.
ഫീ വര്‍ദ്ധന എപ്പോള്‍ നിലവില്‍ വരും?
2012ലെ അഡ്മിഷന് മുതലാവും വര്‍ദ്ധന പ്രാബല്യത്തിലാവുക. ആദ്യ വര്‍ഷക്കാരെ മാത്രമേ ഇതു ബാധിക്കൂ. പക്ഷേ, 2011ലെ പ്രവേശനം 2012ലേക്കു മാറ്റിവച്ചവര്‍ ഫീ വര്‍ദ്ധന നല്കാന് ബാധ്യസ്ഥരാണ്.
ഫീയ്ക്കു പണം എവിടെനിന്ന്?
സ്വന്തം പോക്കറ്റില്‍നിന്നു മുടക്കാന്‍ ഇല്ലാത്തവര്‍ക്ക് ആശ്രയം ലോണ്‍ തന്നെയാണ്. മറ്റു ജീവിതച്ചെവലവുകള്ക്കായി മെയിന്റനന്‍സ് ലോണ്‍ കിട്ടും. പക്ഷേ, ലോണ്‍ എത്ര എന്നത് കുടുംബ വരുമാനം തുടങ്ങി വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഇതിന്റെ വിശദാംശങ്ങള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
പാവപ്പെട്ട കുടുംബത്തില്‍ നിന്നു വരുന്ന കുട്ടികള്‍ക്ക് തിരിച്ചടയ്ക്കേണ്ടതില്ലാത്ത മെയിന്റനന്‍സ് ലോണ്‍ കിട്ടും. 25,000 പൗണ്ടില്‍ താഴെ വരുമാനമുള്ള കുടുംബത്തില്‍നിന്നുള്ളവര്‍ക്ക് 3,250 പൗണ്ട് വരെ മെയിന്റനന്‍സ് ലോണ്‍ കിട്ടും. 42,000 പൗണ്ട് വരെ കുടുംബ വരുമാനമുള്ളവര്‍ക്ക് ഭാഗിക ഗ്രാന്റിന് അര്‍ഹതയുണ്ടാവും.
മിടുക്കരായ കുട്ടികള്‍ക്കായി സര്‍ക്കാര്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പദ്ധതിയും ആസൂത്രണം ചെയ്യുന്നു. ഇതിന്റെ വിശദാംശങ്ങളും ആയിട്ടില്ല.
ലോണ്‍ തിരിച്ചടവ് എങ്ങനെ?
വര്‍ഷം 21,000 പൗണ്ടിനു മുകളില്‍ വരുന്ന വരുമാനത്തിന്റെ 9 ശതമാനം എന്ന നിരക്കിലാവും തിരിച്ചടവ്. ഇങ്ങനെ വരുന്നതില്‍ 30 വര്‍ഷത്തിനു ശേഷവും ലോണ്‍ ബാക്കി കിടന്നാല്‍ ആ തുക എഴുതിത്തള്ളും.
താഴ്ന്ന വരുമാനക്കാര്‍ക്ക് ഇളവുകളോടെ നേരത്തേ തന്നെ തുക തിരിച്ചടയ്ക്കുന്നതിനും പദ്ധതി ആലോചിക്കുന്നുണ്ട്.
പലിശനിരക്ക് എങ്ങനെ?
* 21,000 പൗണ്ട് വരെ വരുമാനമുള്ളവര്‍ക്ക് റീട്ടെയില്‍ പ്രൈസ് ഇന്‍ഡ്ക്സ് അടിസ്ഥാനമാക്കി പലിശ നിശ്ചയിക്കും.
* 21,000 മുതല്‍ 41,000 വരെ വരുമാനമുള്ളവര്ക്ക്് ആര് പി ഐയില്‍ നിന്ന് സ്ലൈഡിംഗ് സ്കെയിലും വരുമാനം ആധാരമാക്കി മൂന്നു ശതമാനവും എന്ന നിരക്കില്‍ പലിശ. വരുമാനം കൂടിയാല്‍ പലിശയും കൂടുമെന്നു ചുരുക്കം. 31,000 പൗണ്ട് വരുമാനമുള്ളയാള്‍ ആര്‍പിഐയും 1.5 ശതമാനം പലിശയും നല്‍കണം. എന്നാല്‍, 41,000 പൗണ്ട് വരുമാനമുണ്ടെങ്കില്‍ ആര് പി ഐയും മൂന്നു ശതമാനം പലിശയും നല്‍കണം.
പലിശയും അതിന്റെ മാനദണ്ഡവും 2016 ഏപ്രിലില്‍ നിശ്ചയിക്കും. ആ സമയത്താവും ഈ സമ്പ്രദായത്തിലെ ആദ്യ ബാച്ച് പുറത്തുവരിക.
യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന് ഇനിയും സര്‍ക്കാര്‍ സഹായമുണ്ടാവുമോ?
ഇനിമുതല്‍ യൂണിവേഴ്സിറ്റികള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള പ്രധാന മാര്‍ഗം കുട്ടികള്‍ നല്കുന്ന ഫീസായിരിക്കും. എങ്കിലും ചെറിയ തോതില്‍ സര്‍ക്കാര്‍ ധനസഹായമുണ്ടാവും. യൂണിവേഴ്സിറ്റികള്‍ക്ക് നേരിട്ടു ഫണ്ടു കൊടുക്കുന്നതിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ നല്‍കാനാണ് സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കുക. കാരണം പണം പലിശസഹിതം തിരിച്ചുവാങ്ങാമെന്നതു തന്നെ.
ഫീസ് വര്‍ദ്ധനയെ എങ്ങനെ സര്‍ക്കാര്‍ ന്യായീകരിക്കുന്നു?
പണക്കാരന് കൂടുതല്‍ ഭാരം പേറുകയും പാവപ്പെട്ടവന് കുറച്ചു ഭാരം വലിക്കുകയും ചെയ്യുന്നൊരു സമ്പ്രദായമാണ് തങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല