ടോക്കിയോ: ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍ വീണ്ടും സ്ഫോടനം. ഫുകുഷിമയിലെ ഡെയ്ച്ചി ആണവനിലയത്തിലുണ്ടാവുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. ഡെയ്ച്ചി-2 റിയാക്ടറിലാണ് സ്ഫോടനമുണ്ടായത്.
വെള്ളിയാഴ്ചയുണ്ടായ സുനാമിയെത്തുടര്‍ന്ന് ആണവനിലയത്തിലെ ശീതീകരണ സംവിധാനങ്ങള്‍ തകരാറിലായതാണ് സ്ഫോടനത്തിന് കാരണം. ആദ്യ രണ്ട് സ്ഫോടനത്തെ തുടര്‍ന്നുണ്ടായ അണുവികിരണം തടയാന്‍ ശ്രമിക്കവെയാണ് മൂന്നാമത്തെ സ്ഫോടനമുണ്ടായത്. ഹൈഡ്രജന്‍ വാതകത്തിന്റെ തോത് വ്യാപകമായി ഉയര്‍ന്നതാണ് ഇന്നത്തെ സ്ഫോടനത്തിന് കാരണം.
ശക്തമായ അണുവികിരണ ഭീഷണിയെ തുടര്‍ന്ന് പ്ലാന്റില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ തൊഴിലാളികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ദുരന്തമുണ്ടായ ശേഷം തന്ത്രപ്രധാനമേഖലയില്‍ നിന്നു രക്ഷപ്പെടാന്‍ ആദ്യമായാണ് ജപ്പാന് സര്‍ക്കാര്‍ തൊഴിലാളികളോട് ആവശ്യപ്പെടുന്നത്.
ദുരന്തം ഇങ്ങനെ
വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഫുകുഷിമയിലെ ഒന്നാം നിലയിലെ വൈദ്യുതി നിലച്ചതായിരുന്നു തുടക്കം. ആണവ റിയാക്ടറിന്റെ കോര്‍ അമിതമായി ചൂടാകുന്നതു തടയാന്‍ ജനറേറ്ററുകള്‍ ഉപയോഗിച്ച് ശീതീകരണദ്രാവകം പമ്പ് ചെയ്ത് തുടങ്ങിയെങ്കിലും പിന്നാലെയുണ്ടായ സുനാമിയില്‍ ജനറേറ്ററുകള്‍ കേടായി. ബാറ്ററി യൂണിറ്റുകള്‍ ഉപയോഗിച്ച് ശീതീകരണ സംവിധാനം പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല.
ഒന്നാം റിയാക്ടര്‍ ശീതീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. റിയാക്ടര്‍ കോറിലെ ഉയര്‍ന്ന ചൂടുമൂലം അമിതമായി ചൂടായ വെള്ളം ഉള്ളില്‍ നിറഞ്ഞു. മര്‍ദം കുറയ്ക്കാന്‍ നീരാവി പുറത്തുവിടാനായി അടുത്ത ശ്രമം. അമിതമായി ചൂടായ വെള്ളം ഹൈഡ്രജനും ഓക്സിജനുമായി വിഘടിച്ചു. ഈ ഹൈഡ്രജനാണു പൊട്ടിത്തെറി സൃഷ്ടിച്ചത്.
പൊട്ടിത്തെറിയെ തുടര്‍ന്ന് ആണവനിലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ഭിത്തികള്‍ക്കും തകരാറുണ്ടായി. റിയാക്ടറില്‍ നിന്ന് പുറത്തുവിട്ട നീരാവി വായുവില്‍ കലര്‍ന്ന് റേഡിയോ ആക്ടീവ് ഐസോട്ടോപ്പുകളായ സീഷിയം-137, അയഡിന്‍-131 എന്നിവ വായുവിലെത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് മണിക്കൂറില്‍ 500 മൈക്രോസീവെര്ട്ട് വികിരണത്തോതാണു രേഖപ്പെടുത്തിയത്. സാധാരണ നിലയില്‍ ഒരു വര്‍ഷമുണ്ടാകുന്ന വികിരണത്തിന്റെ നാലിലൊന്നാണിത്. മനുഷ്യരില്‍ ഈ വികിരണമേറ്റാല്‍ ചര്‍മ്മം ചുവന്നു തടിക്കല്‍ മുതല്‍ കാന്‍സര്‍ വരെയുണ്ടാവാനുള്ള സാധ്യതയുണ്ട്.
ഫുകുഷിമയിലെ ആണവനിലയത്തില്‍ സംഭവിച്ചത് മറ്റുനിലയങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഫുകുഷിമയില്‍ നിന്ന് അന്തരീക്ഷത്തിലൂടെ വികിരണങ്ങള്‍ മറ്റ് നിലയങ്ങളിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഒനഗാവ നിലയത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല