സ്വന്തം ലേഖകന്‍: ഫോക്‌സ് ന്യൂസ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ റോജര്‍ എയില്‍സ് അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. എയില്‍സിന്റെ ഭാര്യ എലിസബത്ത് എയില്‍സാണ് റോജറിന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്. മരണകാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല. കഴിഞ്ഞയാഴ്ച്ച രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് എയില്‍സിന് ശാരീരിക ആസ്വാസ്ഥ്യം അനുഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
മാധ്യമ ഭീമനായ റൂപേര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ ടീമിലെ പ്രമുഖ അംഗമായിരുന്ന എയില്‍സ് ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഫോക്‌സ് ന്യൂസില്‍ നിന്നും രാജിവെച്ചിരുന്നു. ഫോക്‌സ് അവതാരക ഗ്രേചന്‍ കാള്‍സന്റെ ലൈംഗിക ആരോപണത്തെ തുടര്‍ന്നാണ് എയില്‍സ് ഫോക്‌സില്‍ നിന്നും രാജിവെക്കുന്നത്. എയില്‍സിന്റെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ കാള്‍സനെ ജോലിയില്‍ നിന്നും പുറത്താക്കി എന്ന് ന്യൂജേഴ്‌സി കോടതിയിലായിരുന്നു പരാതി നല്‍കിയിരുന്നത്.
ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറെങ്കില്‍ ശമ്പളത്തോടൊപ്പം ആഴ്ചയില്‍ നൂറ് ഡോളര്‍ അധികം നല്‍കാമെന്നു വനിത ജീവനക്കാരിയോട് എയില്‍സ് പറഞ്ഞതും മുന്‍പ് വിവാദമായിരുന്നു. രക്തം കട്ടപിടിച്ചത് തന്നെയാകാം മരണകാരണമെന്ന് എയില്‍സിന്റെ ജീവചരിത്രം എഴുതിയ മാധ്യമ പ്രവര്‍ത്തകന്‍ ഗബ്രിയേല്‍ ഷെര്‍മാന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല