അജിമോന്‍ ഇടക്കര: നവംബര്‍ 28 നു ബര്‍മിങ്ങ്ഹാമില്‍ വച്ചു നടക്കുന്ന ഫോബ്മ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ ചൂടു പിടിക്കുന്നു. നവംബര്‍ 21 ആണു രജിസ്‌ട്രേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയതി രജിസ്‌ട്രേഷന്‍ അവസാനിക്കാന്‍ പത്തു ദിവസം ബാക്കി ഉണ്ടെങ്കിലും കലാസ്‌നേഹികളില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന് കലോത്സവം കണ്‍ വീനര്‍ രശ്മി പ്രകാശ് അറിയിച്ചു.
ഫോബ്മ കലോല്‍സവത്തിനോടനുബന്ധിച്ച് അരങ്ങേറിയ പോസ്റ്റര്‍ മത്സരത്തില്‍ ഖത്തറില്‍ എന്‍ജിനീയര്‍ ആയി ജോലി നോക്കുന്ന കുമരകം സ്വദേശി അര്‍ജുന്‍ കൃഷ്ണ ഡിസൈന്‍ ചെയ്തു സമര്‍പ്പിച്ച പോസ്‌റര്‍ ഒന്നാം സ്ഥാനത്തിനര്‍ഹമായി. നവംബര്‍ 15 നു അവസാനിച്ച മത്സരത്തിന്റെ അവസാന റൌണ്ടില്‍ എത്തിയ മൂന്നു പോസ്റ്ററുകളില്‍ നിന്നാണു ഫോബ്മ ഫേസ് ബുക്ക് ഗ്രൂപ്പ് പേജില്‍ ഏറ്റവും കൂടുതല്‍ ലൈക് നേടിയ അര്‍ജുന്‍ കൃഷ്ണയുടെ പോസ്‌റര്‍ ‘ജനപ്രീതി നേടിയ പോസ്റ്റര്‍’ ആയി തിരഞ്ഞെടുക്കപെട്ടത്. അവസാന റൌണ്ടില്‍ എത്തിയ വെംബ്ലി സ്വദേശി വിപിന്‍ എം പി, സ്‌റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള ജെസ്‌ലിന്‍ പോള്‍ തോമസ് എന്നിവരുടെ പോസ്‌ററുകള്‍ മത്സരത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. വിജയിക്കുള്ള കാഷ് അവാര്‍ഡ് കലോത്സവ വേദിയില്‍ വച്ച് നല്കുന്നതായിരിക്കും. പോസ്‌റര്‍ മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിക്കുന്നതായി ഫോബ്മ കലോത്സവം ജനറല്‍ കണ്‍ വീനര്‍ തോമസ് കാച്ചപ്പള്ളി, ഫോബ്മ പ്രസിഡന്റ് ഉമ്മന്‍ ഐസ്സക് എന്നിവര്‍ അറിയിച്ചു.
നാട്ടിലെ സ്‌കൂള്‍ കലോത്സവത്തിന്റെ അതേ മാതൃകയില്‍ എല്ലാ ജനപ്രിയ കലകളും ഉള്‍പ്പെടുത്തികൊണ്ടു തന്നെയാണ് ഈ വര്‍ഷവും കലോത്സവം അരങ്ങേറുക. ഒന്‍പതു വയസ്സിനും പതിനഞ്ചു വയസ്സിനും ഇടയ്ക്കുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഇംഗ്ലീഷ് പ്രസംഗവും മത്സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷവും എല്ലാ വിഭാഗങ്ങളിലെയും പ്രസംഗ വിഷയം മത്സരത്തിനു അഞ്ചു ദിവസം മുന്‍പേ മത്സരാര്‍ത്ഥികളെ അറിയിക്കും.
മത്സരത്തിന്റെ വിശദാംശങ്ങള്‍ അറിയുവാനും രജിസ്‌ട്രേഷന്‍ ഫോം ലഭിക്കുന്നതിനുമായി ഇന്‍ഫോ.ഫോബ്മ@ജിമെയില്‍.കോം (info.fobma@gmail.com) എന്ന ഈ മെയില്‍ അഡ്രസ്സിലേക്കു എഴുതുകയോ ഫോബ്മ വെബ് സൈറ്റിലെ കലോത്സവം 2015 എന്ന പേജ് (http://www.fobmauk.org/artsandliterature/kalolsavam2015/) സന്ദര്‍ശിക്കുകയോ ചെയ്യുക. നവംബര്‍ 21 നു മുന്‍പ് അപേക്ഷിക്കുന്നവര്‍ക്കായിരിക്കും ഈ വര്‍ഷത്തെ ഫോബ്മ കലോത്സവത്തില്‍ മാറ്റുരയ്ക്കുവാന്‍ അവസരം ലഭിക്കുക . അഞ്ചു വയസ്സുമുതല്‍ മുകളിലേയ്ക്കുള്ള കുട്ടികളും മുതിര്‍ന്നവരും മൂന്നു ഗ്രൂപ്പുകളിലായി 34 ഇനങ്ങളില്‍ ആണ് മത്സരിക്കുക. സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കമുള്ള കാഷ് അവാര്‍ഡുകളാണു വിജയികളെ കാത്തിരിക്കുന്നത്. കലയെ സ്‌നേഹിക്കുന്ന അതതു മേഖലകളിലെ വിദഗ്ദരായ കലോപാസകരായിരിക്കും ഓരോ ഇനങ്ങളിലും വിധികര്‍ത്താക്കളായി കടന്നു വരിക.
ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യൂകെയില്‍ താമസിക്കുന്ന, സ്വന്തം പ്രതിഭ തെളിയിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തികച്ചും സ്വതന്ത്രമായി പങ്കെടുക്കുവാന്‍ സാധിക്കുന്ന കലാ മാമാങ്കമാണ് ഫോബ്മ കലോത്സവം. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മതമോ രാഷ്ട്രീയമോ ഏതെങ്കിലും സംഘടനയിലെ അംഗത്വമോ മാനദണ്ഡം ആക്കാതെ പ്രതിഭ തെളിയിക്കുവാന്‍ ആഗ്രഹമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ആണു ഫോബ്മ കലോത്സവം ഈ വര്‍ഷവും വിഭാവനം ചെയ്തിരിക്കുന്നത്. കലയ്ക്കും കലാകാരന്മാര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ട് അവരുടെ ഉത്തമ പ്രകടനങ്ങള്‍ പുറത്തെടുക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കുക എന്നതാണ് ഫോബ്മ കലോത്സവത്തിന്റെ ലക്ഷ്യം. യാതൊരു തിരി മറികള്‍ക്കും ഇട കൊടുക്കാതെ വേദികളില്‍ ഉടനുടന്‍ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന പതിവ് കഴിഞ്ഞ കലോല്‍സവത്തിലൂടെ യൂകെ മലയാളികള്‍ക്ക് ആദ്യമായി പരിചയപെടുത്തി വിശ്വാസ്യതയും കയ്യടിയും നേടിയ ഫോബ്മ, ഇത്തവണയും പങ്കെടുക്കുന്നവര്‍ക്കും സംഘാടകര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ രീതിയില്‍ സുതാര്യമായ കുറ്റമറ്റ വേദികള്‍ ആണു ഒരുക്കുന്നത്.
സംഘടന അംഗത്വം ഇല്ലാത്തത് കൊണ്ടു മാത്രം സ്വന്തം പ്രതിഭ തെളിയിക്കുവാന്‍ വേദി ലഭിക്കാതെ പോകുന്നവര്‍ക്കുള്ള ഒരു അസുലഭ അവസരമാണ് ഫോബ്മ കലോത്സവം. യുക്മ, യൂ കെ കെ സി എ എന്നിവയുടെ കലാ മേളകള്‍ മികച്ചതാണെങ്കിലും ആ സംഘടനകളില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ കഴിയൂ. ഇതര സമാനസംഘടനകളില്‍ നിന്നും വ്യത്യസ്തമായി കുറ്റമറ്റ വിധിനിര്‍ണ്ണയവും കൃത്യനിഷ്ഠയും സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കമുള്ള ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഒക്കെ ആയി ഫോബ്മ കലോത്സവം കലാ ഹൃദയങ്ങള്‍ക്ക് ഒരു പുതു പുത്തന്‍ അനുഭവം ആയിരുന്നു കഴിഞ്ഞ വര്‍ഷം പകര്‍ന്നുനല്കിയത്. ഈ മഹത്തായ മാമാങ്കത്തിന്റെ സംഘാടനത്തില്‍ പങ്കുകാരായി ചരിത്രത്തിന്റെഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോബ്മ പ്രതിനിധികളുമായോ info.fobma@gmail.com എന്ന ഈമെയിലിലോ ബന്ധപ്പെടുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല