അജിമോന് ഇടക്കര: ഈ വര്‍ഷത്തെ ഫോബ്മ കലോത്സവത്തിന് തിരശീലയുയരാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞതായി സംഘാടകര്‍ക്ക് വേണ്ടി കലോത്സവം ജനറല്‍ കണ് വീനര് തോമസ് കാച്ചപ്പള്ളി അറിയിച്ചു. കലോത്സവത്തിന്റെ വിശിടാതിഥികള് ആയി മലയാളത്തിന്റെ സ്വന്തം പ്രണയ നായകന് ശങ്കര്‍ , അദ്ദേഹത്തിന്റെ പ്രിയ പത്നിയും പ്രശസ്ത ഡാന്‍സ് ടീച്ചറും കോറിയോ ഗ്രാഫറും ആയ ചിത്രാ ലക്ഷ്മി ടീച്ചര്‍ യൂക്കെ മലയാളികളുടെ സ്വന്തം മലയാളി മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരാകും വേദിയിലെത്തുക. ഈ വര്‍ഷത്തെ അവതരണ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത യുവ പിന്നണി ഗായകന് വിജയ് യേശുദാസ് ആണു.
ഈ വരുന്ന ശനിയാഴ്ച ബര്‍മിങ്ങ്ഹാം അടുത്ത് വോള്വര്ഹാംറ്റണിലെ യൂക്കേ കെ സീ എ ഹാളില്‍ വച്ചാണ് ഫോബ്മ കലോത്സവം 2015 അരങ്ങേറുക. മലയാള സിനിമയിലെ നിത്യ ഹരിത പ്രണയ നായകനായിരുന്ന ശങ്കറിന്റേയും പത്നി ചിത്രാ ലക്ഷ്മി ടീച്ചരിന്റേയും സാന്നിദ്ധ്യം ഉണ്ടാകും എന്ന കാര്യം കലോത്സവ ആവേശത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു. കുറഞ്ഞ കാലം കൊണ്ടു ബ്രിട്ടീഷ് രാഷ്ട്രീയ നഭസ്സില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച, പ്രവാസി മലയാളികള്‍ക്കെല്ലാം അഭിമാനമായ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദും മുഖ്യാതിഥി ആയി കലോത്സവത്തില്‍ പങ്കെടുക്കുന്നതായിരിക്കും. ഈ വര്‍ഷത്തെ ഫോബ്മ കലോത്സവത്തിന്റെ അവതരണഗാനം തന്റെ വശ്യ സുന്ദര ആലാപനത്തിലൂടെ കര്ണ്ണാനന്ദകരമാക്കിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം ഗാന് ഗന്ധര്വന് യേശുദാസിന്റെ മകനും പ്രശസ്ത പിന്നനിഗായകനും ആയ വിജയ് യേശുദാസ് ആണു. ഫോബ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ ഡോ. ജോജി കുര്യാക്കോസിന്റെ വരികള്‍ അവതരണഗാനത്തിനു ചാരുത പകര്‍ന്നപ്പോള്‍ ഫോബ്മ കലാ സാഹിത്യവിഭാഗം കോര്‍ഡിനേറ്ററും കലോസവ കണ് വീനറും ആയ രശ്മി പ്രകാശ് ആണ് ഫോബ്മ കലോത്സവത്തിന്റെ തീം സോങ്ങിനു വരികള്‍ എഴുതിയിരിക്കുന്നത്. കവയത്രി, റേഡിയോ അവതാരക എന്നീ നിലകളില്‍ മലയാളികളുടെ ഇടയില്‍ പ്രശസ്ത ആണ് രശ്മി പ്രകാശ്. മുവാറ്റുപുഴ ത്യാഗ രാജ സംഗീത കലാലയത്തിലെ എന്‍ പ്രസാദ് ആണ് രണ്ടു ഗാനങ്ങള്‍ക്കും, മനം മയക്കുന്ന സംഗീതം നല്‍കിയിരിക്കുന്നത്. പ്രശസ്ത പുല്ലാംകുഴല്‍ വാദകനായ ചോറ്റാനിക്കര വിജയകുമാര്‍, തബലിസ്റ്റ് സാജു കോട്ടയം , ഗായകരായ ചോറ്റാനിക്കര അജയ കുമാര്‍, രേഖ സൈലേഷ്, രമ്യ കിഷോര്‍ എന്നിവരും അവതരണ ഗാനത്തിന്റെയും തീം സോങ്ങിന്റേയും പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ചിലരാണ്.
ഫോബ്മ കലണ്ടര്‍ 2016 ന്റെ പ്രകാശനവും വിതരണവും കലോത്സവ വേദിയില്‍ വച്ചു തന്നെ നടത്തുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ അതെ മാതൃകയില്‍ മേല്‍ത്തരം പേപ്പറില്‍ അച്ചടിച്ച വലിയ മള്‍ട്ടി കളര്‍ കലണ്ടറുകളാണു ഇത്തവണയും ഫോബ്മ പുറത്തിറക്കിയിരിക്കുന്നത്. നാട്ടിലേയും ഇവിടുത്തേയും അവധി ദിവസങ്ങളും നോട്ടുകള്‍ കുറിക്കുവാന്‍ പ്രത്യേക സ്ഥലവും വലിയ കളങ്ങളും ഒക്കെ ആയി ഓരോ കുടുംബത്തിനും തികച്ചും ഉപകാരപ്രദമായ കലണ്ടറുകള്‍ സൌജന്യമായാണ് വിതരണം ചെയ്യുക. ഇന്‍ഷുറന്‍സ്, മോര്‍ട്ട് ഗേജ് രംഗത്തെ അതികായകരും യൂക്കെ മലയാളികള്‍ക്ക് സുപരിചിതരും ആയ അലൈഡ് ഫിനാന്‍സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മണി ട്രാന്‍സ്ഫര്‍ , ട്രാവല്‍ തുടങ്ങിയ മേഖലകളില്‍ വിശ്വസ്ത സേവനം നല്കുന്ന മുത്തൂറ്റ് ഗ്രൂപ്പ്, പ്രദേശികവും കൊറിയര്‍ സര്‍വ്വീസുകളും രാജ്യാന്തര കൊറിയര്‍ സര്‍വ്വീസ്സുകളും കൃത്യ നിഷ്ടയോടെ ചെയ്തു കൊടുക്കുന്ന സീറ്റ ലണ്ടന്‍ ലിമിറ്റഡ് എന്നിവരാണ് ഫോബ്മ കലോത്സവം 2015 ന്റെ പ്രധാന പ്രായോജകര്‍. നാട്ടിലും യൂക്കെയിലും മികച്ച ബാങ്കിംഗ് സേവനങ്ങള്‍ നല്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് എടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് കലോത്സവ വേദിയില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. തിരിച്ചറിയല്‍ രേഖയുടെയും അഡ്രസ്സു പ്രൂഫിന്റെയും കോപ്പി കൊണ്ടു വന്നാല്‍ മാത്രം മതിയാകും.
വളരെ വിശാലമായ കാര്‍പാര്‍ക്കും വേദികളും ഗ്രീന്‍ റൂമുകളും ഒക്കെയുള്ള വോള്വര്ഹാമ്പ്റ്റണിലെ യൂക്കേ കെ സീ എ ഹാളില്‍ ആയിരിക്കും കലാ മത്സരങ്ങള്‍ അരങ്ങേറുക. കാണികള്‍ക്ക് മത്സര വേദികളിലേയ്ക്കും തുടര്‍ന്നു നടക്കുന്ന വര്‍ണ്ണാഭമായ പൊതുയോഗത്തിലേയ്ക്കും സമ്മാനദാന ചടങ്ങുകളിലേയ്ക്കും ഉള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും ഫോബ്മ കലോത്സവ വേദികള്‍ക്കു ഈ വര്‍ഷം ശബ്ദവും വെളിച്ചവും നല്‍കുന്നത് യൂക്കെയിലെ തന്നെ ഏറ്റവും സുസജ്ജമായ സൌണ്ട് സിസ്റ്റവും അനുബന്ധ ഉപകരണങ്ങളും ഉള്ള ഗായകനും സൌണ്ട് എഞ്ജിനീയറും ആയ സിനോയുടെ ശ്രുതി സൌണ്ട്സ് ആന്‍ഡ് ലൈറ്റ്സ് ആണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം ദിവസം മുഴുവന്‍ നല്‍കുക കേറ്ററിങ്ങ് രംഗത്തെ മുടി ചൂടാ മന്നന്മാരായ ഷെഫ് വിജയും സംഘവുമാണ്.
നാട്ടിലെ സ്കൂള്‍ കലോത്സവത്തിന്റെ അതേ മാതൃകയില്‍ എല്ലാ ജനപ്രിയ കലകളും ഉള്‍പ്പെടുത്തികൊണ്ടു തന്നെയാണ് ഈ വര്‍ഷവും കലോത്സവം അരങ്ങേറുന്നത്. പ്രസംഗ മത്സര വിഷയങ്ങള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു. മത്സരത്തിന്റെ വിശദാംശങ്ങള്‍ അറിയുവാനും രജിസ്ട്രേഷന് ഫോം ലഭിക്കുന്നതിനുമായി ഇന്‍ഫോ.ഫോബ്മ@ജിമെയില്‍.കോം (info.fobma@gmail.com) എന്ന ഈ മെയില്‍ അഡ്രസ്സിലേക്കു എഴുതുകയോ ഫോബ്മ വെബ് സൈറ്റിലെ കലോത്സവം 2015 എന്ന പേജ് (http://www.fobmauk.org/artsandliterature/kalolsavam2015/) സന്ദര്‍ശിക്കുകയോ ചെയ്യുക. അഞ്ചു വയസ്സുമുതല്‍ മുകളിലേയ്ക്കുള്ള കുട്ടികളും മുതിര്‍ന്നവരും മൂന്നു ഗ്രൂപ്പുകളിലായി 34 ഇനങ്ങളില്‍ ആണ് മത്സരിക്കുക. സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കമുള്ള കാഷ് അവാര്‍ഡുകളാണു വിജയികളെ കാത്തിരിക്കുന്നത്. കലയെ സ്നേഹിക്കുന്ന അതതു മേഖലകളിലെ വിദഗ്ദരായ കലോപാസകരായിരിക്കും ഓരോ ഇനങ്ങളിലും വിധികര്‍ത്താക്കളായി കടന്നു വരിക.
ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യൂകെയില്‍ താമസിക്കുന്ന, സ്വന്തം പ്രതിഭ തെളിയിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തികച്ചും സ്വതന്ത്രമായി പങ്കെടുക്കുവാന്‍ സാധിക്കുന്ന കലാ മാമാങ്കമാണ് ഫോബ്മ കലോത്സവം. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മതമോ രാഷ്ട്രീയമോ ഏതെങ്കിലും സംഘടനയിലെ അംഗത്വമോ മാനദണ്ഡം ആക്കാതെ പ്രതിഭ തെളിയിക്കുവാന്‍ ആഗ്രഹമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ആണു ഫോബ്മ കലോത്സവം ഈ വര്‍ഷവും വിഭാവനം ചെയ്തിരിക്കുന്നത്. കലയ്ക്കും കലാകാരന്മാര്ക്കും പ്രാധാന്യം കൊടുത്തുകൊണ്ട് അവരുടെ ഉത്തമ പ്രകടനങ്ങള്‍ പുറത്തെടുക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കുക എന്നതാണ് ഫോബ്മ കലോത്സവത്തിന്റെ ലക്ഷ്യം. യാതൊരു തിരി മറികള്ക്കും ഇട കൊടുക്കാതെ വേദികളില്‍ ഉടനുടന്‍ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന പതിവ് കഴിഞ്ഞ കലോല്‍സവത്തിലൂടെ യൂകെ മലയാളികള്‍ക്ക് ആദ്യമായി പരിചയപെടുത്തി വിശ്വാസ്യതയും കയ്യടിയും നേടിയ ഫോബ്മ, ഇത്തവണയും പങ്കെടുക്കുന്നവര്‍ക്കും സംഘാടകര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ രീതിയില്‍ സുതാര്യമായ കുറ്റമറ്റ വേദികള്‍ ആണു ഒരുക്കുന്നത്. സംഘടന അംഗത്വം ഇല്ലാത്തത് കൊണ്ടു മാത്രം സ്വന്തം പ്രതിഭ തെളിയിക്കുവാന്‍ വേദി ലഭിക്കാതെ പോകുന്നവര്‍ക്കുള്ള ഒരു അസുലഭ അവസരമാണ് ഫോബ്മ കലോത്സവം. ഇതര സമാനസംഘടനകളില്‍ നിന്നും വ്യത്യസ്തമായി കുറ്റമറ്റ വിധിനിര്‍ണ്ണയവും കൃത്യനിഷ്ഠയും സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കമുള്ള ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഒക്കെ ആയി ഫോബ്മ കലോത്സവം കലാ ഹൃദയങ്ങള്‍ക്ക് ഒരു പുതു പുത്തന്‍ അനുഭവം ആയിരുന്നു കഴിഞ്ഞ വര്‍ഷം പകര്ന്നുനല്കിയത്. ഈ മഹത്തായ മാമാങ്കത്തിന്റെ സംഘാടനത്തില്‍ പങ്കുകാരായി ചരിത്രത്തിന്റെഭാഗമാകുവാന് ആഗ്രഹിക്കുന്നവര്‍ ഫോബ്മ പ്രതിനിധികളുമായോ info.fobma@gmail.com എന്ന ഈമെയിലിലോ ബന്ധപ്പെടുക
കലോത്സവ വേദിയുടെ വിലാസവും സമയവും
യൂക്കെ കെ സി എ ഹാള്‍, വുഡ് ക്രോസ് ലൈന്‍, ബിള്സ്റ്റണ്, വോള്‍വര്‍ ഹാമ്പ്റ്റണ്‍ ,WV14 9BW on Saturday 28th November 2015 from 10 A M
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല