അരുണ്‍ഡേല്‍: വെസ്റ്റ് സസക്‌സിലെ അരുണ്‍ഡേലിലെ ഫോര്‍ഡ് ജയിലില്‍ കലാപമഴിച്ചുവിട്ട തടവുപുള്ളികള്‍ ജയിലിനു തീവച്ചു. നവവത്സര രാത്രിയില്‍ തടവുപുള്ളികള്‍ മദ്യം കഴിച്ചുവെന്ന സൂചനയെത്തുടര്‍ന്ന് ശ്വാസപരിശോധനയ്ക്കു വിധേയരാവാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതാണ് കലാപത്തിലേക്കു നയിച്ചത്. കലാപത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അക്രമാസക്തരായ തടവുപുള്ളികള്‍ ജനലുകളും വാതിലുകളും അടിച്ചുപൊളിക്കുകയും അര്‍ദ്ധരാത്രിയോടെ ജയിലിനു തീയിടുകയുമായിരുന്നു. നാല്പതോളം തടവുകാരാണ് അക്രമം കാട്ടിയത്. ആകെയുള്ള 496 തടവുകാരെ നിയന്ത്രിക്കാന്‍ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ആറു ജീവനക്കാര്‍ മാത്രം.
തടവുകാരെ പാര്‍പ്പിക്കുന്ന ആറു ബേ്‌ളാക്കുകള്‍, ഒരു സ്‌നൂക്കര്‍ റൂം, ഒരു പൂള്‍ റൂം, ജിം ബേ്‌ളാക്ക്, മെയില്‍ റൂം എന്നിവ തകര്‍ക്കപ്പെടുകയോ അഗ്‌നിക്കിരയാക്കുകയോ ചെയ്തു.
അഗ്‌നിശമന സേന കിണഞ്ഞുശ്രമിച്ചാണ് തീയണച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ റയട്ട് പൊലീസിനെയും സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെയും ജയിലില്‍ വിന്യസിച്ചിട്ടുണ്ട്.
നാല്പതോളം ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ജയില്‍ പരിസരത്ത് കണ്ടതോടെയാണ് അധികൃതര്‍ പരിശോധനയ്ക്കു തീരുമാനിച്ചത്. ഇവിടെ നേരത്തേയും തടവുപുള്ളികളില്‍ നിന്ന് മദ്യം പിടികൂടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല