പരമ്പരയും ഒന്നാം നമ്പര്‍ പദവിയും നഷ്ടമായതിനു പിന്നാലെ അവസാന ടെസ്റ്റില്‍ ആശ്വാസജയമെന്ന മോഹവും പൊലിഞ്ഞ ഇന്ത്യ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കാനുള്ള കഠിനാധ്വാനത്തില്‍. നാലാം ടെസ്റ്റിന്റെ അവസാന ദിനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഫോളോഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യയുടെ പോരാട്ടം സമനിലക്കായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 591 റണ്‍സിന് മറുപടിയായി ഇന്ത്യബാറ്റ് വീശിയപ്പോള്‍ 300 റണ്‍സിന് ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. 146 റണ്‍സുമായി പുറത്താവാതെനിന്ന രാഹുല്‍ ദ്രാവിഡ് മാത്രം ഇന്ത്യന്‍ നിരയില്‍ അജയ്യനായി നിലയുറപ്പിച്ചു. ഫോളോഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലാണ്.
ദ്രാവിഡ് (13), വീരേന്ദര്‍ സെവാഗ് (33), വി.വി.എസ് ലക്ഷ്മണ്‍ (24) എന്നിവരാണ് പുറത്തായത്. 35 റണ്‍സുമായി സചിന്‍ ടെണ്ടുല്‍കറും എട്ടു റണ്‍സെടുത്ത് നൈറ്റ് വാച്ച്മാന്‍ അമിത് മിശ്രയുമാണ് ക്രീസില്‍. അത്യദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരുമെന്ന് ഏറക്കുറെ ഉറപ്പായി.
ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ആന്‍ഡേഴ്‌സനും ബ്രെസ്‌നാനും സ്റ്റുവര്‍ട്ട് ബ്രോഡും നടത്തിയ പേസ് ആക്രമണത്തിനു മുന്നില്‍ തപ്പിത്തടഞ്ഞപ്പോള്‍ ഷോര്‍ട്ട്പിച്ച് പന്തുകളെ നേരിട്ട് രക്ഷകനായത് ദ്രാവിഡ് മാത്രം. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ദ്രാവിഡിന്റെ മൂന്നാം സെഞ്ച്വറിയാണ് ഇന്നലെ പിറന്നത്. 43 റണ്‍സുമായി വാലറ്റത്ത് മികച്ച പിന്തുണ നല്‍കിയ അമിത് മിശ്ര മാത്രമാണ് പിടിച്ചുനിന്നത്.
സെവാഗ് 8, ലക്ഷ്മണ്‍ 2, സചിന്‍ 23, റെയ്‌ന 0, ഇഷാന്ത് 1, ധോണി 17, ഗംഭീര്‍ 10, ആര്‍. പി.സിങ് 25, ശ്രീശാന്ത് 0 എന്നിങ്ങനെയാണ് മറ്റ് ഇന്ത്യക്കാരുടെ സംഭാവന. ബ്രെസ്‌നാനും സ്വാനും മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്‍ഡേഴ്‌സനും ബ്രോഡും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല