ഇന്ത്യൻ ഓൺലൈൻ വ്യാപാര രംഗത്തെ ഭീമനായ ഫ്ലിപ്കാർട്ട് വിൽപ്പന മാമാങ്കത്തിന് വീണ്ടും ഒരുങ്ങുകയാണ്. സാങ്കേതിക പിഴവുകൾ പരമാവധി പരിഹരിച്ചു കൊണ്ട് ഈ വർഷം അവസാനത്തോടുകൂടി കമ്പനി ബിഗ് ബില്യൺ സെയിൽ നടത്തും.
ഇന്ത്യയിൽ ആദ്യമായി കമ്പനി ഒക്ടോബർ 6 ന് സംഘടിപ്പിച്ച മെഗാ സെയിൽ വെബ്സൈറ്റ് തകരാർ കാരണം വിവാദമായിരുന്നു. സെയിൽ തുടങ്ങി ഏതാനും മിനുട്ടുകൾക്കകം ഉപഭോക്താക്കളുടെ തള്ളിക്കയറ്റം കാരണം സൈറ്റ് നിശ്ചലമായി. വിൽപ്പനക്കു വച്ച സാധനങ്ങൾ ചൂടപ്പംപോലെ വിറ്റു തീരുകയും ചെയ്തു.
ഏതാണ്ട് 1.5 മില്യൺ ഉപഭോക്താക്കളാണ് അന്നേ ദിവസം ഫോണുകൾ, വസ്ത്രങ്ങൾ പോലുള്ള ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടിയത്. 100 മില്യൺ രൂപക്കു മുകളിൽ കച്ചവടം നടന്നതായി കണക്കാക്കപ്പെടുന്നു. എന്നിട്ടും മിക്കവർക്കും തങ്ങൾ ആഗ്രഹിച്ച ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയാതെ വരികയായിരുന്നു. തുടർന്ന് ഫ്ലിപ്കാർട്ട് ഉടമകൾ ഓരോ ഉപഭോക്താവിനും ഇമെയിൽ അയച്ച് മാപ്പു പറയുകയും ചെയ്തു.
ഇത്തവണ മൊബൈൽ ഫോണിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നവരുടെ തിരക്കുകൂടി കണക്കിലെടുത്താണ് ഒരുക്കങ്ങളെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു. ചെറുതും വലുതുമായ ഒരു ലക്ഷത്തോളം വിൽപ്പനക്കാരെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്താനാണ് ഫ്ലിപ്കാർട്ട് ഉന്നമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല