ന്യൂദല്‍ഹി: ഇന്ത്യയുടെ ജ്വാലഗുട്ടയും അശ്വനി പൊന്നപ്പയും ചേര്‍ന്ന സംഖ്യം വനിതാ ലോകബാഡ്മിന്റണ്‍ ഡബ്ബിള്‍സ് റാങ്കിങ്ങില്‍ ഇതാദ്യമായി ആദ്യ ഇരുപതിനുള്ളില്‍ സ്ഥാനം പിടിച്ചു. വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ സൈന നെഹ്‌വാളും സ്ഥാനം മെച്ചപ്പെടുത്തി. ആറാം സ്ഥാനത്തായിരുന്ന സൈന പുതിയ റാങ്കിംങ്ങില്‍ ഒരു സ്ഥാനം ഉയര്‍ന്ന അഞ്ചിലെത്തി.
കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായ ജ്വാല അശ്വനി സംഖ്യം നാല് സ്ഥാനം ഉയര്‍ന്ന പതിനേഴാം റാങ്കിലെത്തി. ഈയിടെ നടന്ന ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലെ മികച്ച പ്രകടനമാണ് താരങ്ങളുടെ നില മെച്ചപ്പെടുത്തിയത്. ചാംപ്യന്‍ഷിപ്പില്‍ ജ്വാല അശ്വനി സംഖ്യം വെങ്കലമെഡല്‍ നേടിയിരുന്നു. 28 വര്‍ഷത്തിന് ശേഷം ചാംപ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യ നേടുന്ന മെഡല്‍ ആയിരുന്നു ഇത്. കൂടാതെ ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു വനിതാ വിഭാഗത്തില്‍ ഇന്ത്യയൊരു മെഡല്‍ നേടുന്നത്.
ആദ്യ ഇരുപത് സ്ഥാനക്കാര്‍ക്കിടയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലോകചാംപ്യന്‍ഷിപ്പിലെ ഫോം നിലനിര്‍ത്തി അടുത്ത് തന്നെ ആദ്യ പത്തില്‍ സ്ഥാനം പിടിക്കുകയാണ് ലക്ഷ്യമെന്നും അശ്വനി പറഞ്ഞു. ചാംപ്യന്‍ഷിപ്പില്‍ ആറാം സീഡുകളായ ചൈനീസ് താരങ്ങളോട് സെമിയില്‍ ഇന്ത്യന്‍ ജോഡികള്‍ പൊരുതി തോല്‍ക്കുകയായിരുന്നു. ഇരുപത്തൊന്നുകാരിയായ സൈന ക്വാര്‍ട്ടര്‍ഫൈനലിലാണ് തോറ്റത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല