യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ടിട്ടും ബാഴ്‌സലോണ ഫൈനലില്‍. ബയേണിന്റെ ഹോം ഗ്രൗണ്ടില്‍
നടന്ന രണ്ടാം പാദ സെമിഫൈനലില്‍ തോറ്റെങ്കിലും ഒന്നാം പാദത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ പിന്‍ബലത്തിലാണ് ബാര്‍സലോണ ഫൈനലില്‍ കടന്നത്.
ബയേണിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തോറ്റത്. എന്നാല്‍, ഇരു പാദ മത്സരങ്ങളിലുമായി 5-3ന്റെ ഗോള്‍ ശരാശരിയുടെ മികവില്‍ ബാര്‍സ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബാര്‍സലോണയുടെ വല ബയേണ്‍ താരം മേദി ബെനാറ്റിയ ചലിപ്പിച്ചെങ്കിലും ആദ്യ പകുതിയില്‍ നെയ്മര്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ബാഴ്‌സയ്ക്ക ലീഡ് നേടിക്കൊടുത്തു. എന്നാല്‍, രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന ബയേണിനായി ലെവാന്‍ഡോവിസ്‌കിയും തോമസ് മുള്ളറും ഒരോ ഗോള്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തില്‍ സമനില പാലിച്ചാല്‍പ്പോലും ഫൈനല്‍ ഉറപ്പാണെന്നതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ലയണല്‍ മെസിയും സംഘവും ബൂട്ടുകെട്ടിയത്.
നേരത്തെ ആദ്യപാദത്തില്‍ ബാര്‍സ ജയിച്ചത് എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു. ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ബാര്‍സ എത്തുന്നത് ഇത് എട്ടാം തവണയാണ്. 2011ലാണ് ബാഴ്‌സ അവസാനമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തുന്നത്. ഇന്ന് നടക്കുന്ന യുവന്റസ് റയല്‍ മാഡ്രിഡ് മത്സരത്തില്‍ ജയിക്കുന്ന ടീമുമായി ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല