ബാർ കോഴ വിവാദത്തിൽ പ്രസ്താവനാ പോരാട്ടത്തിലൂടെ മുന്നണിയുടേയും മന്ത്രിസഭയുടേയും മുഖം നഷ്ടപ്പെടുത്തിയതിനാൽ തെറ്റു തിരുത്താൻ യുഡിഎഫ് ആർ. ബാലകൃഷ്ണപ്പിള്ളയോടും പി. സി. ജോർജിനോടും ആവശ്യപ്പെട്ടു. തെറ്റുതിരുത്തിയാൽ ഇരുവർക്കും മുന്നിയിൽ തുടരാം.
ഇത്തരം നടപടികൾ ഇനി ആവർത്തിച്ചാൽ കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് യോഗം ഇരുവർക്കും മുന്നറിയിപ്പ് നൽകി. യോഗത്തിന്റെ പൊതുവികാരം ഉൾക്കൊള്ളുന്നുവെന്നും അതനുസരിച്ചേ ഇനി പ്രവർത്തിക്കുകയുള്ളു എന്നും ജോർജ് സമ്മതിച്ചു. പിള്ളയുടെ പാർട്ടിയെ യോഗത്തിനു ക്ഷണിച്ചിരുന്നില്ല.
നേതാക്കളുടെ പരസ്യ പ്രസ്താവനക്ക് കർശന വിലക്കും ഏർപ്പെടുത്തി. മുന്നണി മര്യാദക്കു ചേർന്ന പ്രവൃത്തിയല്ല പിള്ളയുടേയും ജോർജിന്റേയും ഭാഗത്തുനിന്നുണ്ടായത് എന്നാണ് യുഡിഎഫിലെ പൊതുവികാരം.
മുന്നോക്ക സമുദായ വികസന കോർപ്പറേഷൻ സ്ഥാനത്തുനിന്നുള്ള പിള്ളയുടെ രാജിക്കത്ത് പരിഗണിക്കുന്ന കാര്യം യോഗതീരുമാനത്തോടുള്ള പിള്ളയുടെ പ്രതികരണം അനുസരിച്ച് തീരുമാനിക്കും. അതേ സമയം തെറ്റുതിരുത്താൻ പറയുന്നവർ ആദ്യം തിരുത്തട്ടെയെന്ന് പിള്ള യോഗത്തിന്റെ തീരുമാനത്തോട് പ്രതികരിച്ചു.
മാണിക്കു പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കുന്നു എന്ന സൂചനയാണ് പിള്ളക്കും ജോർജിനും താക്കീതു നൽകിയതിലൂടെ യുഡിഎഫ് മുന്നോട്ടു വക്കുന്നത്. മാണിയുടെ രാജി അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ യോഗം മുന്നണിയേക്കാൽ വലുതല്ല ഘടക കക്ഷികൾ എന്ന ഉറച്ച നിലപാടിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല