ബാർ കോഴ വിവാദത്തിൽ കെ. എം. മാണി രാജിവക്കണം എന്നാവശ്യപ്പെട്ട് ബിജെപി ജനുവരി 27 ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
ഇന്നും നാളെയുമായി എല്ലാ പഞ്ചായത്തുകളിലും പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും. ജനുവരി 24 ന് യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ചും നടത്തുന്നുണ്ട്.
കോഴക്കേസ് അട്ടിമറിച്ച് മാണിയെ രക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ ആരോപിച്ചു. അതിനിടെ ആർ. ബാലകൃഷ്ണപ്പിള്ളയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് വീക്ഷണം പത്രം മുഖപ്രസംഗമെഴുതി.
പിള്ള തുള്ളിയാൽ മുട്ടോളം എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ മുഖപ്രസംഗം പിള്ള ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനും വിശ്വസിക്കാൻ കൊള്ളാത്തവനാണെന്നും പറയുന്നു. അഴിമതിയെക്കുറിച്ച് പറയാനുള്ള പിള്ളയുടെ അർഹതയെ ചോദ്യം ചെയ്യുന്ന പത്രം മൂന്നുതവണ പാപനാശിനിയിൽ പോയി മുങ്ങിവരണമെന്ന് പിള്ളയെ പരിഹസിക്കുന്നു.
അതേസമയം യുഡിഎഫിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ കേരള കോൺഗ്രസ് മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി. കോഴക്കേസിൽ മാണിയുടെ പങ്കു പരാമർശിക്കുന്ന ശബ്ദരേഖ വിജിലൻസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അടക്കമുള്ളവരുടെ സംഭാഷണങ്ങളാണ് ശബ്ദരേഖയിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല