കേരളാ മുന്‍ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിനനും, ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ചെയര്‍മാന്‍ സാബു കുര്യന്‍ നും ഷിക്കാഗോയില്‍ സ്വീകരണം നല്‍കി. മെയ് 27ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ചാണ് സ്വീകരണം നല്‍കിയത്.
ഫോമാ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് പീറ്റര്‍ കുളങ്ങരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേരളാ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി, ജോയിച്ചന്‍ പുതുക്കുളം, സ്റ്റാന്‍ലി കളരിക്കമുറി, ടോമി അംബേനാട്ട്, സൈമണ്‍ വാളച്ചിറ, തമ്പി ചെമ്മാച്ചേല്‍, സണ്ണി വള്ളിക്കളം, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, ബിജി എടാട്ട്, ജോണ്‍ പാട്ടപ്പതി എന്നിവര്‍ പ്രസംഗിച്ചു.
കേരള സംസ്ഥാനത്തിന്റെ സമഗ്രവളര്‍ച്ചയ്ക്ക് ഉചിതമായ നടപടികള്‍ രാഷ്ട്രീയ നേതാക്കള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ചെയര്‍മാന്‍ സാബു കുര്യന്‍ അഭ്യര്‍ത്ഥിച്ചു. അതുപോലെതന്നെ കക്ഷിരാഷ്ട്രീയത്തിന് അതീതമായ ജന്മനാടിന്റെ വികസനത്തിനുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും പ്രാസംഗികര്‍ ആഹ്വാനം ചെയ്തു.
തനിക്ക് നല്‍കിയ സ്‌നേഹോഷ്മളമായ സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് മുന്‍മന്ത്രി ബിനോയ് വിശ്വം മറുപടി പ്രസംഗം നടത്തി. അദ്ദേഹത്തിന്റെ ഭാര്യയും മകളും തദവസരത്തില്‍ സന്നിഹിതരായിരുന്നു. സാം ജോര്‍ജ് നന്ദി പറഞ്ഞു. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി വ്യക്തികള്‍ യോഗത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല