അല്‍ഖയിദ തലവന്‍ ബിന്‍ ലാദനെ കീഴ്‌പ്പെടുത്തിയ ഓപ്പറേഷന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിലൂടെ കയറില്‍ ഇറങ്ങിയ യു.എസ് സേനാംഗങ്ങള്‍ 40 മിനുറ്റ് നീണ്ട പോരാട്ടത്തിലൂടെയാണ് ലാദനെയും കൂട്ടാളികളെയും ഇല്ലാതാക്കിയത്.
ലാദന്‍ ഒളിവില്‍കഴിഞ്ഞ കെട്ടിടം തിരിച്ചറിഞ്ഞ സേന ഹെലികോപ്റ്ററില്‍ പ്രദേശത്ത് പ്രവേശിക്കുകയായിരുന്നു. ലാദന്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് സമീപത്തുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങള്‍ സേന തിരച്ചില്‍ നടത്തിയിരുന്നു. ലാദന്റെ 27 വയസുള്ള ഭാര്യ അമല്‍ അഹമ്മദ് അല്‍ സദയാണ് ആദ്യം തോക്കിനിരയായത്.
തുടര്‍ന്നാണ് ബിന്‍ലാദനെ 12 വയസുള്ള മകളുടെ മുന്നിലിട്ട് നിറതോക്കിനിരയാക്കിയത്. പ്രസിഡന്റ് ബരാക് ഒബാമ വാഷിംഗ്ടണിലിരുന്ന് ഓപ്പറേഷന് നേതൃത്വം നല്‍കുന്നുണ്ടായിരുന്നു. ഡബിള്‍ ടാപ് എന്ന ഓപ്പറേഷനിലൂടെയാണ് ലാദന്‍ കൊല്ലപ്പെട്ടത്. ആദ്യം തലയ്ക്ക് വെടികൊണ്ടെങ്കിലും തങ്ങളുടെ എക്കാലത്തെയും വലിയ ശത്രു മരിച്ചു എന്നുറപ്പിക്കാനായി സൈനികര്‍ പിന്നീട് ലാദന്റെ നെഞ്ചിലും വെടിയുതിര്‍ക്കുകയായിരുന്നു.
ലാദന്റെ ഒരു മകനും രണ്ട് അല്‍ഖയിദ പ്രവര്‍ത്തകരും ഒരു സ്ത്രീയും ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നുനിലയുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ലാദന്‍ കഴിഞ്ഞിരുന്നത്. തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നിന്നും 50 മൈല്‍ മാത്രം അകലെയാണ് അബോട്ടാബാദ്. എല്ലാവരെയും കീഴ്‌പ്പെടുത്തിയ ശേഷം ലാദന്റെ ചോരപുരണ്ട മൃതദേഹവുമായി സൈന്യം ഹെലികോപ്റ്ററില്‍ കയറി സ്ഥലം വിടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല