ബിര്‍മിംഗ്ഹാമിനടുത്തു സെല്ലി ഓക്കില്‍ മലയാളി പെണ്‍കുട്ടി വാഹനമിടിച്ചു മരിച്ചു. എര്‍ഡിംഗ്ടണില്‍ മലയാളിക്കട നടത്തുന്ന ബിജു വര്‍ഗീസിന്റെ മകള്‍ അലീന (12 വയസ് )യാണ് സ്കൂളിലേക്ക് പോകുമ്പോള്‍ ബസിടിച്ച് മരിച്ചത്. കഴിഞ്ഞ കുറെ നാളുകളായി ബസ് മാര്‍ഗമാണ് കുട്ടി സ്കൂളിലേക്ക് പോയിരുന്നത് .ഇന്ന് രാവിലെ എട്ടരയോടെ വീടിനടുത്തുള്ള സ്റ്റോപ്പില്‍ നിന്നും ബസില്‍ കയറാന്‍ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്.കുട്ടി കയറുന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ഡോര്‍ അടയ്ക്കുകയും തട്ടി വീണ കുട്ടി ബസിനടിയില്‍ പെടുകയുമായിരുന്നു.ഉടന്‍ തന്നെ ബസ് നിര്‍ത്തി കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേ ബസില്‍ യാത്ര ചെയ്ത അലീനയുടെ ടീച്ചര്‍ വഴിയാണ് അപകടം ബന്ധുക്കള്‍ അറിയുന്നത്.പുറമേ സാരമായ മുറിവുകളൊന്നും കാണാനില്ലെന്നും ഇന്റേണല്‍ ഇഞ്ചുറി ആയിരിക്കാം മരണകാരണമെന്നും കുട്ടിയെ സന്ദര്‍ശിച്ച കുടുംബ സുഹൃത്ത് NRI മലയാളിയോട് പറഞ്ഞു.
ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി ലണ്ടനിലേക്ക് പോയിരുന്ന ബിജു അപകടവിവരമറിഞ്ഞ് ബിര്‍മിംഗ്ഹാമിലേക്ക് തിരിച്ചെത്തി.ബിജുവിന്റെ ഭാര്യ ഷെമി കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന ബിര്‍മിംഗ് ഹാം ചില്‍ഡ്രന്‍സ് ഹോസ്പ്പിറ്റലിലുണ്ട്.മരണവിവരമറിഞ്ഞ് നിരവധി മലയാളികള്‍ ഹോസ്പ്പിറ്റലിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.അലീനയുടെ വിയോഗത്തില്‍ മനം പൊട്ടിയിരിക്കുന്ന ബിജുവിനെയും ഷേമിയെയും എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കള്‍ .
ബിജു -ഷെമി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്ത കുട്ടിയാണ് അലീന .അലീനയ്ക്ക് പുറമേ ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആന്റ് റിയ എന്ന മറ്റൊരു പെണ്‍കുട്ടിയും ജോര്‍ജ് എന്ന ആണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത് .കിങ്ങ്സ് നോര്ട്ടന് സെന്റ് തോമസ് കാത്തലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അലീന.
ബിര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയും വൈസ് പ്രസിഡന്ടുമായിരുന്ന ബിജു ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തു വായിക്കര ചാമക്കാട്ട് കുടുംബാംഗമാണ്.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബെര്‍ട്ട് ഫുഡ്സ് എന്ന ഹോള്‍സെയില്‍ മലയാളി ഫുഡ് സ്ഥാപനം നടത്തുന്ന ബിജു താമസിക്കുന്നത് ബിര്മിംഗ്ഹാമിനടുത് സെല്ലി ഓക് എന്ന സ്ഥലത്താണ്. ഭാര്യ ഷെമി ക്യൂന്‍ എലിസബത്ത് ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുന്നു.
ഗ്ളോസ്റ്ററിലെ പ്രിന്‍സിന്റെ മരണത്തിന്റെ നടുക്കം മാറും മുന്‍പാണ് യു കെ മലയാളികളെ കണ്ണീരില്‍ ആഴ്ത്തിയ അലീനയുടെ വേര്‍പാട്.സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തോഡോക്സ് പള്ളിയിലെ കുട്ടികളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയിരുന്ന മിടുക്കിയായ അലീനയുടെ വേര്‍പാട് വിശ്വസിക്കാനാവുന്നില്ലെന്ന് ബിജുവിന്റെ ഒരു കുടുംബ സുഹൃത്ത് NRI മലയാളിയോട് പറഞ്ഞു.അലീനയുടെ ആകസ്മിക വേര്‍പാടില്‍ വിഷമിച്ചിരിക്കുന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല