ഡിജിറ്റല്‍ ഇക്കോണമി ആക്ട് 2010 നെതിരെ സമര്‍പ്പിച്ച ഹരജി തള്ളിയതോടെ നിയമവിരുദ്ധമായി ഡൗണ്‍ലോഡിംഗ് നടത്തുന്നവരുടെ ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍ സര്‍ക്കാറിന് ഇല്ലാതാക്കാന്‍ സാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബി.ടിയും ടോക്ക്‌ടോക്കും സമര്‍പ്പിച്ച ഹരജികളാണ് കോടതി തള്ളിയത്.
ഡിജിറ്റല്‍ ഇക്കോണമി ആക്ട് 2010 പ്രായോഗികമല്ലെന്നും ഇത് യൂറോപ്യന്‍ നിയമത്തിന് അനുയോജ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബി.ടിയും ടോക്ക്‌ടോക്കും അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. ഇതാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെന്നത്ത് പാര്‍ക്കര്‍ തള്ളിയത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയില്‍ കടന്നകയറുന്നതാണ് നിയമമെന്ന് അപ്പീലില്‍ ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ നിയമം ഓണ്‍ലൈന്‍ പൈറസിയെ തകര്‍ക്കുന്നതാണെന്നായിരുന്നു ഇതിനെ പിന്തുണക്കുന്നവര്‍ വ്യക്തമാക്കിയത്.
ലേബര്‍ പാര്‍ട്ടി സര്‍ക്കാറിന്റെ ഭരണത്തിന്റെ അവസാനഘട്ടങ്ങളിലായിരുന്നു ബില്ലിന് അന്തിമരൂപം നല്‍കിയത്. തുടര്‍ന്ന് കോമണില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇതിന് രാജകുംടുംബത്തില്‍ നിന്നും അനുമതി ലഭിച്ചിരുന്നു. അതിനിടെ ബില്ലിനെതിരായ പരാതി തള്ളിയതോടെ ബില്‍ പൂര്‍ണമായും നടപ്പാക്കാനുള്ള നീക്കത്തിലാണ് അധികാരികള്‍ എന്നാണ് സൂചന. തുടര്‍ച്ചയായി നിയമവിരുദ്ധ പ്രവര്‍നത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആദ്യഘട്ടമായി മുന്നറിയിപ്പ് കത്ത് അയക്കും.
റെക്കോര്‍ഡ് കമ്പനികളുടേയും ഫിലിം സ്റ്റുഡിയോകളുടേയും വിജയമായിട്ടാണ് ഹരജി തള്ളിയതിനെ കണക്കാക്കുന്നത്. അതിനിടെ ഓണ്‍ലൈന്‍ പൈറസിയുടെ അതിക്രമം നടക്കുന്നുണ്ടെന്ന് തോന്നിയാല്‍ പരാതിപ്പെടാന്‍ ഉപയുക്തമായ ഒരു ട്രിബ്യൂണല്‍ സംവിധാനം നടപ്പാക്കാന്‍ ഓഫ്‌കോം ശ്രമമാരംഭിച്ചിട്ടുണ്ട്. നിയമത്തിന്റെ നല്ല വശങ്ങളുടെ കോടതി തിരിച്ചറിഞ്ഞത് നല്ല കാര്യമാണെന്ന് സംസ്‌കാരിക വകുപ്പിലെ വക്താവ് അറിയിച്ചു. ഓണ്‍ലൈന്‍ പൈറസ് തകര്‍ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല