ലക്ഷക്കണക്കിന് വരുന്ന ബി.ടി ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി പുതിയ കോള്‍നിരക്ക് നാളെ മുതല്‍ നിലവില്‍ വരും. കോള്‍ നിരക്കില്‍ ഒമ്പതു ശതമാനം വര്‍ധനവാണ് നാളെമുതല്‍ നിലവില്‍ വരാന്‍ പോകുന്നത്.
പുതിയ വര്‍ധന നിലവില്‍ വരുന്നതോടെ കോള്‍ നിരക്ക് മിനുറ്റിന് ഏഴു പെന്നിയില്‍ നിന്ന് 7.6 പെന്നിയായി ഉയരും. ഇതോടെ കമ്പനിയുടെ 12 മില്യണോളം വരുന്ന ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ 41 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് നേരിടേണ്ടിവരുക. മാസംതോറുമുള്ള ലൈന്‍ വാടകനിരക്കും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് 12.79 പൗണ്ടില്‍ നിന്നും 13.90 പൗണ്ടായിട്ടാണ് വര്‍ധിക്കുക.
കോള്‍ കണക്ഷന്‍ ഫീസ് 12.5പെന്നിയായി ഉയരാനും സാധ്യതയുണ്ട്. ബ്രോഡ്ബാന്‍ഡ് ചാര്‍ജ്ജുകള്‍ വര്‍ധിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കടുത്ത ദുരിതമായിരിക്കും നേരിടേണ്ടി വരിക. മറ്റ് സേവനദാതാക്കളും നിരക്ക് വര്‍ധന ഉടന്‍ നടപ്പില്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ ചാര്‍ജ്ജുകളും 16 ശതമാനം വര്‍ധിപ്പിക്കാനാണ് ടോക്ക്‌ടോക്ക് തീരുമാനിച്ചിട്ടുള്ളത്. കോള്‍ കണക്ഷന്‍ ഫീസ് 12 ശതമാനവും വാടക നിരക്ക് രണ്ടുശതമാനവും കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
സ്‌കൈ കമ്പനിയും ഉടനേ തന്നെ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ജൂണ്‍ 20 ആകുമ്പോഴേക്കും നിരക്കുകളില്‍ മാറ്റം വരും. എന്നാല്‍ എത്രശതമാനം വര്‍ധന ഉണ്ടാകുമെന്നത് വ്യക്തമാക്കിയിട്ടില്ല. നേരത്തേ വിര്‍ജിന്‍ മീഡിയ നിരക്കുകളില്‍ ആറുശതമാനം വര്‍ധനവ് വരുത്തിയിരുന്നു. ഉപഭോക്താക്കളുടെ ഫോണ്‍വിളിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വരുമെന്ന് ഫോണ്‍ നിരക്കുകള്‍ താരതമ്യപഠനം നടത്തുന്ന മൈക്കല്‍ ഫിലിപ്‌സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല