ലണ്ടന്‍: ബി.ബി.സി സ്റ്റാഫുകളുടെ പെന്ഷന് ഫണ്ടിലെ കുറവ് നികത്താന്‍ നികുതിദായകരില്‍ നിന്നും 900മില്യണ്‍ പൗണ്ട് പിരിക്കുന്നു. പ്രേക്ഷകര്‍ നല്കുന്ന ലൈസന്‍സ് ഫീ വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഇനിമുതല്‍ ഗാര്‍ഹിക ഉപഭോഗത്തിനായുള്ള ഓരോ ലൈസന്‍സിനും ഏകദേശം 36പൗണ്ട് നല്‍കേണ്ടിവരും. രണ്ടുവര്‍ഷം ബി.ബി.സി പ്രോഗ്രാം നടത്താനാവശ്യമായതിലും കൂടുതല്‍ ഫണ്ട് ഇതുവഴി ലഭിക്കും.
1.1ബില്യണ്‍ പൗണ്ടാണ് ആകെ കമ്മി. എന്നാല്‍ ഇതിന്റെ സിംഹഭാഗവും ലൈസന്‍സ് ഫീ നല്കുന്നയാളില് നിന്നും ഈടാക്കുമെന്ന വാര്‍ത്ത വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ബി.ബി.സിയുടെ പെന്ഷന് സ്കീം അംഗീകരിക്കാനാവാത്തതാണെന്നാണ് പരക്കെയുള്ള അഭിപ്രായം.
ഈ വര്‍ഷം തന്നെ കമ്മി കുറയ്ക്കാനായി 110പൗണ്ട് കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്നവ 10വര്‍ഷത്തിനുള്ളില്‍ തവണവ്യവസ്ഥയില്‍ ഈടാക്കുകയും ചെയ്യും. ഇപ്പോഴുള്ള പ്രേക്ഷകര്‍ നല്കുന്ന ലൈസന്‍സ് ഫീയില്‍ നിന്നും ഈ പണം കണ്ടെത്തും. അടുത്ത ആറ് വര്‍ഷത്തേക്ക് ലൈസന്‍സ് ഫീ 145.50പൗണ്ടാക്കി മരവിപ്പിക്കാനാണ് തീരുമാനം.
പുതിയ സ്കീമനുസരിച്ച് ബി.ബി.സി ഈ വര്‍ഷത്തെ 110മില്യണ്‍ പൗണ്ടിനൊപ്പം 2012-13കാലയളനില് 60മില്യണും തുടര്‍ന്നുവരുന്ന മൂന്ന് വര്‍ഷം 100മില്യണ്‍ പൗണ്ടും അതിനടുത്ത അഞ്ച് വര്‍ഷം 75മില്യണ്‍ പൗണ്ടും ലഭിക്കുകമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി.ബി.സി കോര്പ്പറേഷന് ഡയറക്ടറല്‍ ജനറല്‍ മാര്‍ക്ക് തോംസണ്‍ അറിയിച്ചു. ഈ മടക്കിനല്‍കല്‍ പദ്ധതി പെന്ഷന് സ്കീം മെമ്പേഴ്സിനും ലൈസന്‍സ് ഫീ ദാതാക്കള്‍ക്കും ഒരുപോലെ സ്വീകര്യമായതാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ബി.സി തൊഴിലാളികള്‍ക്ക് വേണ്ടി ചിലവാക്കേണ്ടി വരുന്ന തുകയുടെ ഭാഗമാണ് പെന്‍ഷനെന്ന് ബി.ബി.സി വക്താവ് പറയുന്നു. മറ്റേത് സ്ഥാപനത്തിലെയും പോലെ ജനങ്ങളുടെ സഹായമില്ലാതെ തങ്ങള്‍ക്ക് ഈ പരിപാടി പൂര്ണമാക്കാന് കഴിയില്ല. ബി.ബി.സിയ്ക്ക് ഫണ്ട് ലഭിക്കുന്നത് ലൈസന്‍സ് ഫീയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ പെന്‍ഷനുവേണ്ടി പണം കണ്ടെത്തുന്നതും ഈ ഫണ്ടില്‍ നിന്നുതന്നെയാണ്. പെന്ഷന് വെട്ടിക്കുറച്ചതുവഴി ബി.സി.യുടെ കമ്മി 1.6മില്യണ്‍ പൗണ്ടില്‍ നിന്നും 1.1ബില്യണ്‍ പൗണ്ടായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മികുറയ്ക്കാനായി പെന്ഷന് കുറച്ചുകൂടി വെട്ടിച്ചുരുക്കുന്നതിനെ കുറിച്ച് തോംസണ്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇത് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജേണലിസ്റ്റുകള്‍ 48 മണിക്കൂര്‍ പണിമുടക്കാന്‍ വരെ ഇതു കാരണമായി. ഇതേ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല