1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2011

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സ്‌കൈ ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പ്(ബി സ്‌കൈ ബി) ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും റൂപര്‍ട്ട് മര്‍ഡോക്ക് പിന്മാറി .കമ്പനി ഏറ്റെടുക്കാനുള്ള മര്‍ഡോകിന്റെ നീക്കത്തിനെതിരെ ബ്രിട്ടനിലെ പാര്‍ലിമെന്റ് പ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഈ പിന്മാറ്റം.

മര്‍ഡോകിന്റെ ശ്രമത്തിനെതിരെ ബ്രിട്ടനിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്ത് വരുകയും ഇദ്ദേഹത്തിനു മേല്‍ സമര്‍ദം ചെലുത്തുകയും ചെയ്തിരുന്നു.ടോറി പാര്‍ട്ടിയും ലിബ് ഡെംസും ഉള്‍പ്പടെയുള്ള കക്ഷികള്‍ ഈ പ്രമേയം പാസാക്കുന്നതില്‍ ലേബര്‍ പാര്‍ട്ടിക്കൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

സെലിബ്രിറ്റികളുടേതടക്കം നിരവധിപേരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് മര്‍ഡോകിന്റെ ഉടമസ്ഥതയിലുള്ള ‘ന്യൂസ് ഓഫ് ദി വേള്‍ഡി’നെതിരെ അന്വേഷണമുയരുകയും പിന്നീട് സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബ്രിട്ടനിലെ രാഷ്ട്രീയപാര്‍ട്ടികള്‍ മര്‍ഡോകിനെതിരെ ഒന്നിക്കാന്‍ തീരുമാനിച്ചത്.

മര്‍ഡോകിനു മേല്‍ സമര്‍ദം ചെലുത്താമെന്നല്ലാതെ നിയമപരമായി ഇദ്ദേഹത്തെ ഇതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതീക്ഷിച്ചിരുന്നത്.ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഉത്തരവിട്ടിട്ടുണ്ട്. ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി നിക് ക്ലെജ്, തൊഴില്‍ മന്ത്രി മിലിബന്ദ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മര്‍ഡോകിനെതിരെയുള്ള നീക്കത്തില്‍ രാഷ്ട്രീയ സമവായമുണ്ടാകുന്നത്.

മെട്രോപൊളിറ്റന്‍ പൊലീസ് കമീഷണറുടെ നേതൃത്വത്തിലാണ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നത്.

അതേസമയം, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണിന്റെ മകന് ഗുരുതര ശ്വാസകോശരോഗമായ സിസ്റ്റിക് ഫ്രേസര്‍ എന്ന അസുഖമാണെന്ന് മര്‍ഡോകിന്റെ ഉടമസ്ഥതയിലുള്ള പത്രത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹത്തിന്റെ തന്നെ പത്രമായ’ദി സണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായി ബ്രിട്ടനിലെ കോമണ്‍സ് കള്‍ച്ചര്‍ കമ്മിറ്റി മര്‍ഡോകിനോടും മകനോടും ന്യൂസ് ഇന്റര്‍നാഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് റെബേകാ ബ്രൂക്‌സിനോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മര്‍ഡോക് സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് ബ്രിട്ടനില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവന്നേക്കാമെന്ന് നിരീക്ഷകര്‍ പറയുന്നു.

അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലുമായാണ്് ബി സ്‌കൈ ബിയുടെ സാമ്രാജ്യം വ്യാപിച്ചുകിടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.