ബീഹാറില്‍ ഗുണ്ടയെന്ന് മുദ്രകുത്തി അഞ്ച് വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഔറംഗബാദ് പൊലീസ് അറസ്റ്റ് ചെയ്ത സൂര്യകാന്ത് എന്ന ‘കൊച്ചു ഗുണ്ട’യുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അല്‍പ്പം വലുതു തന്നെയാണ്.
പ്രദേശത്തെ ക്രമസമാധാന നില തകരാറിലാക്കി എന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തി എന്നുമാണ് സൂര്യകാന്തിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. 20,000 രൂപ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുന്ന സൂര്യകാന്ത് കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനു പകരം ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ദിവസവും ചെന്ന് ഒപ്പിടുന്നതിനെ കുറിച്ച് ഓര്‍ത്താണ് വിഷമിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസമായി ‘ഒപ്പിടല്‍ ചടങ്ങ്’ തുടര്‍ന്ന് വരികയാണ്.
പൊലീസിനു പറ്റിയ അബദ്ധമാണ് തങ്ങളുടെ മകന്റെ അറസ്റ്റ് എന്നാണ് സൂര്യകാന്തിന്റെ വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍, പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ആ ധാരണ മാറി. സൂര്യകാന്തിനെതിരെ ഗുണ്ടാ നിയമ പ്രകാരം കേസെടുത്തത് തന്നെയാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാനുണ്ട് എന്നും അവര്‍ പറഞ്ഞു. എന്തായാലും, കൊച്ചു ഗുണ്ടയുടെ മാതാപിതാക്കള്‍ നീതിക്കായി നേട്ടോട്ടമോടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല