സമയം വാഴാഴ്ച രാവിലെ എട്ടു മണി .തലേ ദിവസത്തെ കമ്പനിപ്പണിയും കഴിഞ്ഞ് യു കെയിലെ മലയാളം പത്രങ്ങളെല്ലാം അരിച്ചു പെറുക്കിയതിനു ശേഷം നൊസ്റ്റാള്‍ജിയയെ കൂട്ടു പിടിച്ച് ഒരു സ്മാളുമടിച്ച് കഷ്ട്ടകാലന്‍ കിടന്നുറങ്ങിയത് രാത്രി രണ്ടു മണിക്ക്.രാവിലെ കൊച്ചിനെ സ്കൂളില്‍ വിടാനുള്ള ടെണ്‍ സുഹൃത്തിനായത് കൊണ്ടും ഇന്നത്തെ ഡ്യൂട്ടി ഉച്ച കഴിഞ്ഞ് ആയതിനാലും കഷ്ട്ടകാലന്‍ കൂര്‍ക്കം വലിച്ചുറങ്ങുമ്പോഴാണ് ദൈവത്തിന്‍ പുത്രന്‍ ഉയിര്‍ത്തു എന്ന പാട്ട് റിംഗ് ടോനായുള്ള ഫോണ്‍ കിനു കിണ അടിച്ചത്.പാട്ടു പാടിതീര്‍ന്നപ്പോള്‍ എടുക്കാതിരുന്നപ്പോള്‍ കഷ്ട്ടകാലന്‍ കരുതി ഇനി വിളിക്കില്ലായിരിക്കുമേന്ന്.പുതപ്പ് ഒന്ന് കൂടി മൂടി തിരിഞ്ഞു കിടന്നപ്പോള്‍ ദാ വീണ്ടും വരുന്നു ദൈവത്തിന്‍ പുത്രന്‍,. മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ചവന്റെ അപ്പനപ്പൂപ്പന്മാരെയെല്ലാം മനസ്സില്‍ പ്രാകി ‘ഫോണെടുത്തപ്പോള്‍ അങ്ങേത്തലക്കല്‍ ഗ്ലാസ്ഗോയില്‍ നിന്നുള്ള പാലാക്കാരന്‍ ചങ്ങാതി.
എന്താട ഉവ്വേ കിടന്നുറങ്ങാനും സമ്മതിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അങ്ങേത്തലക്കല്‍ നിന്നും നിലക്കാത്ത ചിരി.തലേന്ന് വരെ യാതൊരു കുഴപ്പവുമില്ലാതെ സംസാരിച്ചവന് വട്ടായിപ്പോയോ എന്ന് തെല്ലിട സംശയിച്ചു.ഒന്നു രണ്ടു മിനിട്ടു നേരം നീണ്ട ചിരി നിലച്ചപ്പോള്‍ കഷ്ട്ടകാലന്‍ ചോദിച്ചു.അല്ലാ എന്തു പറ്റി .നൈറ്റ് ഡ്യൂട്ടി ചെയ്തു വട്ടായോ ? ഒരു ദീര്‍ഘ നിശ്വാസത്തിനു ശേഷം പാലാക്കാരന്‍ ആ സത്യം വെളിപ്പെടുത്തി. ഇതാ നമുക്കായി കോട്ടയത്ത് ഒരു ബുദ്ധിമാനായ ഒരു ആശാനും ആ ആശാന് ഇങ്ങ് യു കെയില്‍ അതി ബുദ്ധിമാനായ ഒരു ശിക്ഷ്യനും പിറന്നിരിക്കുന്നു,യു കെ മലയാളികള്‍ക്ക് ബുദ്ധി പകരുക അവരെ ഉദ്ധരിക്കുക എന്നു മാത്രമാണ്ഈ ആശാന്‍റെയും ശിക്ഷ്യന്‍റെയും ഒരേ ഒരു ലക്ഷ്യം.എങ്ങിനെ ബുദ്ധിമാനാകാം എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശിക്ഷ്യന്‍റെതെന്ന് പറയപ്പെടുന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാനും സുഹൃത്തിന്‍റെ നിര്‍ദേശം കിട്ടി.
എങ്ങിനെ ധനവാനാകാം,എങ്ങിനെ കഷണ്ടി മാറ്റാം,എങ്ങിനെ നീന്തല്‍ പഠിക്കാം എന്നൊക്കെയുള്ള വാര്‍ത്തകളെ കഷ്ട്ടകാലന്‍ ഇതുവരെ പത്രങ്ങളില്‍ കണ്ടിരുന്നുള്ളൂ. ബുദ്ധിയുടെ കാര്യത്തില്‍ അല്പം പിന്നോക്കമായതിനാല്‍ കഷ്ട്ടകാലന്‍ എന്തായാലും ഈ സൂത്രവിദ്യയുടെ വിശദ വിവരങ്ങള്‍ മനസിലാക്കാന്‍ തീരുമാനിച്ചു. പിള്ളാരുടെ മുറിയിലെ കമ്പൂട്ടര്‍ ശകടം ഓണ്‍ ചെയ്ത് ഇന്റര്‍നെറ്റ് ലോഡ് ചെയ്യാന്‍ കാത്തിരുന്നു.ആറു വര്‍ഷം മുന്‍പുള്ള പുതിയ മോഡല്‍ ആയതിനാലും ആയതിനാലും നെറ്റിന്‍റെ സ്പീഡ് എറണാകുളം സൗത്ത് ഓവര്‍ ബ്രിഡ്ജിലേതിന് തുല്യമായതിനാലും പേജ് ലോഡ് ചെയ്യാന്‍ എടുത്ത സമയം കൊണ്ട് പ്രഭാത കര്‍മങ്ങള്‍ നിര്‍വഹിച്ച് മുക്കാല്‍ കപ്പ് വാട്ട വെള്ളവും രണ്ടു സ്പൂണ്‍ പാലും പഞ്ചാരയിടാതെ കലക്കി ചായയാക്കി ലുങ്കി ഒന്നു കൂടി മുറുക്കിയുടുത്ത് കമ്പൂട്ടര്‍ കസേരയില്‍ ആസനസ്ഥനായി.
ശിക്ഷ്യന്‍റെ സൈറ്റ് തുറന്നപ്പോള്‍ ആദ്യം വന്നത് മീശ വച്ച ഒരു നായയുടെ ചിത്രം.ഒപ്പം സ്വന്തം ലേഖകന്‍റെ പേരില്‍ ആശാന്‍റെ ബുദ്ധിയെക്കുറിച്ചുള്ള ഒരു പേജ് വിവരണവും.ഉള്ളത് പറയാമല്ലോ ,കഷ്ട്ടകാലന്‍ അന്ന് തുടങ്ങിയ ചിരി ഇന്ന് വരെ നിര്‍ത്തിയിട്ടില്ല.മലയാളത്തിലെ പത്രങ്ങള്‍ പെരുമാറുന്നത് പോലെ യു കെ സൈറ്റുകളും പരസ്പരം ബഹുമാനിക്കണം എന്നാണ് ശിക്ഷ്യന്‍റെ ആദ്യത്തെ ഉപദേശം. ദേശാഭിമാനിയില്‍ വന്ന ഹോട്ട് ഡോഗ് മത്സരത്തെക്കുറിച്ചുള്ള വാര്‍ത്തയെ വിമര്‍ശിച്ചു മറ്റാരും എഴുതിയില്ലെന്നും ഇമെയിലില്‍ കൂടിയാണ് അത് പ്രചരിച്ചതെന്നുമാണ് ശിക്ഷ്യന്‍
കണ്ടു പിടിച്ചത്.ഇത് സംബന്ധിച്ച ചൂടു വാര്‍ത്ത പിറ്റേ ദിവസം തന്നെ ആശാന്‍റെ പത്രത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ വന്നത് കഷ്ട്ടകാലന്‍ മറന്നിട്ടില്ല..ഇപ്പോള്‍ കുറ്റം പറയുന്ന സൈറ്റിലെ വാര്‍ത്ത അവരുടെ പേരടക്കം കോപ്പിയടിച്ച് നാണം കെട്ട ശിക്ഷ്യന്‍ ആശാന്‍റെ സൈറ്റ് വേണ്ട വിധം വായിക്കുന്നില്ല എന്നു വേണം കരുതാന്‍.ശവ സംസ്ക്കാര വീഡിയോ വരെ കോപ്പിയടിച്ച ആശാന്‍റെ അതേ ശിക്ഷ്യന്‍ തന്നെടെ !!
ഒരു ദിവസം ആശാന്‍ എഴുതുന്നു.പിറ്റേ ദിവസം ആശാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വിശദമാക്കി ശിക്ഷ്യന്‍ എഴുതുന്നു.വരികള്‍ക്കിടയിലൂടെ എഴുതുന്ന ആശാന്‍ മഹാ ബുദ്ധിമാന്‍ ആണെന്നാണ് അതി ബുദ്ധിമാനായ ശിക്ഷ്യന്‍റെ സാക്ഷ്യം.എന്താ ..സ്നേഹം ..ആശാനും ശിക്ഷ്യനും തമ്മില്‍…
പി ആര്‍ പെറ്റീഷനു വേണ്ടി കഷ്ട്ടകാലന്‍ നല്‍കിയ ഇമെയില്‍ അഡ്രസിലേക്ക് ശിക്ഷ്യന്‍റെ പുതു പത്രത്തില്‍ നിന്നുള്ള മാര്‍ക്കെറ്റിംഗ് മെയിലുകള്‍ തുരു തുരാ വന്നപ്പോള്‍ തന്നെ
മനസിലായതാണ് ഈ ഗുരു ശിക്ഷ്യ ബന്ധത്തിന്‍റെ ആഴം.ഇല്ലാത്ത പേരില്‍ കത്തെഴുതിയും വ്യക്തി ഹത്യ നടത്തിയും മുന്നേറിയ ആശാന്‍ ഇപ്പോള്‍ ഡീസന്‍റ് ആയെങ്കില്‍ (ആയോ ആവോ ? )
അതിനു കാരണം ശിക്ഷ്യന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സൈറ്റുകളാണ്.അവയുടെ വളര്‍ച്ചയില്‍ വിളറി പൂണ്ട ആശാന്‍ തന്നെയാണ് ശിക്ഷ്യന്‍റെ ബിനാമി പേരില്‍ ഈ പുതു സൈറ്റ് നടത്തുന്നതെന്ന് മനസിലാക്കാന്‍ ജേര്‍ണലിസത്തില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഒന്നും വേണ്ട,കഷ്ട്ടകാലന്‍റെ എട്ടാം ക്ലാസ് ബുദ്ധി മതി.
,
എന്തായാലും ആശാനോട് ഒരപേക്ഷയെ ഉള്ളൂ.കഷ്ട്ടകാലന്‍ അടക്കമുള്ള പാവം യു കെ മലയാളികളെ വെറുതെ വിട്ടേക്ക്.ഞങ്ങള്‍ വലിയ സെറ്റപ്പൊന്നും ഇല്ലാത്തവരാണ്.നാട്ടില്‍ അഞ്ചക്ക ശമ്പളം കിട്ടുന്ന മൂന്നു ജോലിയും എസ്റെറ്റും ബംഗ്ലാവുമൊന്നും ഞങ്ങള്‍ക്കില്ല.ഈ എട്ടാം ക്ലാസ്സ് ബുദ്ധി വച്ച് ഈ ജന്മത്തില്‍ അത് നേടാന്‍ സാധിക്കുമെന്ന അമിത വിശ്വാസവും ഇല്ല.ആകെ സ്വന്തമായുള്ള ഒരു പെമ്പ്രന്നോത്തിയും,രണ്ടു പിള്ളാരും,ബാങ്കിന്‍റെതായ ഒരു ടെറസ് വീടും, ലിമിറ്റ് തീരാറായ മൂന്ന്‍ ക്രെഡിറ്റ് കാര്‍ഡുമായി ഈയുള്ളവന്‍ ഇവിടെ ജീവിച്ച് വല്ല നഴ്സിംഗ് ഹോമിലും കിടന്ന് പരലോകം പൂണ്ടു കൊള്ളട്ടെ.ദയവു ചെയ്ത് ഇവിടത്തെ നെഗറ്റിവ് കാര്യങ്ങളും കുന്നായ്മയും ( അങ്ങയുടെ ഭാഷ കടമെടുത്തതാണെ ) എഴുതിയും അതിബുദ്ധി ഉപദേശിച്ചും ഞങ്ങളെ ബുദ്ധിമുട്ടിക്കല്ലേ …
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല