ന്യൂദല്‍ഹി: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളും മുന്‍ ക്യാപ്റ്റനുമായ ബൈചുംങ് ബൂട്ടിയ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്് വിരമിച്ചു. ഡല്‍ഹിയില്‍ ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബൂട്ടിയ വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പതിനാറ് വര്‍ഷം നീണ്ട് നിന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറാണ് ബൂട്ടിയ അവസാനിപ്പിച്ചത്. രാജ്യത്തെ പ്രതിനിധീകരിച്ച ഓരോ നിമിഷവും താന്‍ ആസ്വദിച്ചിരുന്നെന്നും 2008 ല്‍ എഎഫ്‌സി കപ്പ് നേടിയതും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയതുമാണ് തന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ മികച്ച സന്ദര്‍ഭങ്ങളെന്നും വിരമിക്കല്‍ തീരുമാനമറിയിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ബൂട്ടിയ പറഞ്ഞു.
കാലിനേറ്റ പരുക്കു ഭേദമാകാത്തതിനെ ബൂട്ടിയ കളിനിര്‍ത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പിന്‍കാല്‍ പേശികള്‍ക്കേറ്റ പരുക്കു മൂലം കഴിഞ്ഞ ജനുവരിയില്‍ നടന്ന ഏഷ്യന്‍ കപ്പ് മല്‍സരത്തിന് ബൂട്ടിയയ്ക്ക് ഇറങ്ങാനായിരുന്നില്ല. ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ നായകനായിരുന്നു ബൂട്ടിയ.
പരിക്ക് പൂര്‍ണമായും ഭേദമാകാത്തത് കാരണം അടുത്ത മാസം ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പവും ബൂട്ടിയയ്ക്ക് ചേരാനാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പരിക്ക് ഒരുവിധം ഭേദമായി ബൂട്ടിയ പ്രാക്ടീസിനിറങ്ങിയിരുന്നു.
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ക്ലബ്ബായ സിക്കിം യുണൈറ്റഡിന് വേണ്ടി പ്രാക്ടീസിനിറങ്ങിയ താരത്തെ പരിക്ക് വീണ്ടും പിടികൂടുകയായിരുന്നു.കഴിഞ്ഞ ആറേഴ് മാസമായി തന്നെ വിടാതെ പിന്തുടരുന്ന പരിക്കാണ് ഒടുവില്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കാന്‍ മുന്‍ക്യാപ്റ്റനെ പ്രേരിപ്പിച്ചത്.
അതേ സമയം തന്റെ ക്ലബ്ബായ സിക്കിം യുണൈറ്റഡ് ക്ലബ്ബിനു വേണ്ടി തുടര്‍ന്ന് കളിക്കുമെന്നും ബൂട്ടിയ പറഞ്ഞു. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മല്‍സരങ്ങള്‍കളിച്ച താരമാണ് ബൂട്ടിയ. ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങിയ 109 മല്‍സരങ്ങളില്‍ നിന്നായി 43 ഗോളുകളും നേടിയിട്ടുണ്ട് ബൂട്ടിയ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല