ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ബൈചുംങ് ബൂട്ടിയ വിരമിക്കാന്‍ ഒരുങ്ങുന്നു. കാലിനേറ്റ പരുക്കു ഭേദമാകാത്തതാണ് കളിനിര്‍ത്തുന്നതിനെകുറിച്ച് കാര്യമായി ആലോചിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ പ്രേരിപ്പിച്ചത്.
അന്തിമ തീരുമാനം എടുത്തിട്ടില്ല. അടുത്ത രണ്ട് മുന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് ബൂട്ടിയ പറഞ്ഞു. പിന്‍കാല്‍ പേശികള്‍ക്കേറ്റ പരുക്കു മൂലം കഴിഞ്ഞ ജനുവരിയില്‍ നടന്ന ഏഷ്യന്‍ കപ്പ് മല്‍സരത്തിന് ബൂട്ടിയയ്ക്ക് ഇറങ്ങാനായിരുന്നില്ല. ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ നായകനായിരുന്നു ബൂട്ടിയ.
പരിക്ക് പൂര്‍ണമായും ഭേദമാകാത്തത് കാരണം അടുത്ത മാസം ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പവും ബൂട്ടിയയ്ക്ക് ചേരാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്ക് ഒരുവിധം ഭേദമായി ബൂട്ടിയ പ്രാക്ടീസിനിറങ്ങിയിരുന്നു.
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ക്ലബ്ബായ സിക്കിം യുണൈറ്റഡിന് വേണ്ടി പ്രാക്ടീസിനിറങ്ങിയ താരത്തെ പരിക്ക് വീണ്ടും പിടികൂടുകയായിരുന്നു. വിടാതെ പിന്തുടരുന്ന പരിക്ക് കാരണം രാജ്യാന്തര മല്‍സരങ്ങള്‍ മാത്രമല്ല, ക്ലബ് തല മല്‍സരങ്ങളും നിര്‍ത്തുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല